ധന്‍ബാദ്(ഝാര്‍ഖണ്ഡ്): വികസനവിരോധികളെ അകറ്റിനിര്‍ത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ധന്‍ബാദില്‍. അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസും കൂട്ടാളികളും വികസനത്തിന്റെ ശത്രുക്കളാണെന്ന് റാലിയില്‍ അദ്ദേഹം പറഞ്ഞു.
വടക്കന്‍ കരന്പുരയിലെ വൈദ്യുതോര്‍ജ്ജ പ്ലാന്റിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് കല്ലിട്ടതാണ്. അതിന് ശേഷം അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന്റെ അഴിമതി സര്‍ക്കാര്‍ പദ്ധതി പൂട്ടിക്കെട്ടി. 2014ല്‍ ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് വീണ്ടും അതിന് അനുമതി ലഭിച്ചത്. ഇതാ ഇപ്പോള്‍ നൂറ് കണക്കിന് വീടുകളില്‍ ഇതേ പവര്‍പ്ലാന്റിന്റെ കരുത്തില്‍ വെളിച്ചം കിട്ടുന്നു, പ്രധാനമന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കേള്‍ക്കാനും കാണാനുമായി തടിച്ചുകൂടിയത്. വിശാലമായ പന്തലിന് ഉള്‍ക്കൊള്ളാനാവുന്നതിലും അധികമായിരുന്നു ധന്‍ബാദിലെ ജനക്കൂട്ടം. ഈ പന്തല്‍ ചെറുതായിപ്പോയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. അഞ്ച് ശതമാനം മാത്രം ആളുകള്‍ മാത്രമേ ഉള്ളില്‍ കയറിയിട്ടുള്ളൂ. 95 ശതമാനം പേരും വെയിലത്ത് നില്ക്കേണ്ടിവന്നതില് ദുഃഖമുണ്ട്, ആരവങ്ങള്‍ക്കിടെ പ്രധാനമന്ത്രി പറഞ്ഞു.
ഝാര്‍ഖണ്ഡിന്റെ വികസനം സുസാധ്യമാക്കുന്നതിന് സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമായിരിക്കണം. ഇവിടെ ജെഎംഎം-കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. അനധികൃത സമ്പാദ്യമാണ് അവരുടെ ഹോബി. ജനങ്ങളെ അവര്‍ കൊള്ളയടിക്കുകയാണ്. പ്രീണനം മൂലം നുഴഞ്ഞുകയറ്റം പെരുകുന്നു. നേതാക്കന്മാര് അവരുടെ മാത്രം സുരക്ഷ മാത്രമാണ് നോക്കുന്നത്, മോദി പറഞ്ഞു.
കോണ്‍ഗ്രസ് എംപിയും ജെഎംഎം മുന്‍ മുഖ്യമന്ത്രിയും ജയിലിലാണ്. രണ്ടുപേരും ജനങ്ങളുടെ പണം കൊള്ളയടിച്ചവരാണ്.
പാവപ്പെട്ട വനവാസി സമൂഹത്തെ അവര്‍ ചൂഷണം ചെയ്തു. ഗോത്രവര്‍ഗജനതയെ വോട്ടുബാങ്കായാണ് അവര്‍ കാണുന്നത്. വനവാസി ജനതയുടെ പ്രതിഭയെ അവര്‍ പരിഗണിച്ചില്ല. സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന നേതാക്കളാണ് ജെഎംഎമ്മിനും കോണ്‍ഗ്രസിനും ഉള്ളത്. മോദിസര്‍ക്കാര്‍ വനവാസിക്ഷേമം ഉറപ്പാക്കി. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കിയത് മോദിയുടെ ഗ്യാരന്റിയാണ്. പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ഝാര്‍ഖണ്ഡിലെ വളം, റെയില്‍, ഊര്‍ജ്ജം, കല്‍ക്കരി മേഖലകളില്‍ 35700 കോടി രൂപയുടം വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: