തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് ഭാഷയില്‍ പിറന്നാളാശംസകളുമായി ബി.ജെ.പി. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാന്‍ഡറിനില്‍ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയില്‍ ആശംസയെന്നാണ് പരിഹാസം.
‘സ്റ്റാലിന്റെ ഇഷ്ട ഭാഷയില്‍ അദ്ദേഹത്തിന് ആശംസകളറിയിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബി.ജെ.പി. തമിഴ്‌നാടിന്റെ എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
On behalf of @BJP4Tamilnadu, here’s wishing our Honourable CM Thiru @mkstalin avargal a happy birthday in his favourite language! May he live a long & healthy life! pic.twitter.com/2ZmPwzekF8
— BJP Tamilnadu (@BJP4TamilNadu) March 1, 2024
ഐ.എസ്.ആര്‍.ഒ.യുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യത്തില്‍ ചൈനീസ് റോക്കറ്റ് ഉള്‍പ്പെടുത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പരസ്യം
പുറത്തുവിട്ട തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തെത്തിയിരുന്നു.
തമിഴ്‌നാട്ടിലെ കുലശേഖര പട്ടണത്ത് ഐഎസ്ആര്‍ഒ രണ്ടാം വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ തറക്കല്ലിടീലിന് മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണന്‍ ഡിഎംകെ സര്‍ക്കാരിനു വേണ്ടി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ചൈനീസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.
പദ്ധതിക്കു വേണ്ടി മുന്‍മുഖ്യമന്ത്രി കരുണാനിധിയും മകനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്ന പരസ്യമായിരുന്നു വിവാദമായത്.
കേന്ദ്രപദ്ധതിയില്‍ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കാന്‍ ഡി.എം.കെ ശ്രമിക്കുകയാണെന്നും വെറുതെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് ഡിഎംകെയെന്നും അന്ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
കേന്ദ്രപദ്ധതികള്‍ അവരുടെ പേരിലാക്കാനാണ് ശ്രമം. എന്നാല്‍ ഇപ്പോള്‍ ചൈനയുടെ പതാക വച്ച് അവര്‍ അതിരു കടന്നിരിക്കുകയാണെന്നും പരസ്യത്തില്‍ ഭാരതത്തിന്റെ ബഹിരാകാശ ഏജന്‍സിയുടെ ചിത്രം നല്കാന്‍ അവര്‍ക്കായില്ല, അദ്ദേഹം പറഞ്ഞു.
പരസ്യത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ ഡിഎംകെ അനാദരിക്കുകയാണ്. ചൈനയോടുള്ള ഡിഎംകെയുടെ പ്രതിബദ്ധത പ്രകടമാകുന്നതാണ് പരസ്യം. ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രം പ്രഖ്യാപിച്ചതുമുതല്‍ ഡിഎംകെ അത് അവരുടെ പേരിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം എക്‌സില്‍ കുറിച്ചു. വിവാദ പരസ്യവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: