പാട്‌ന: വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേർത്ത രണ്ട് അവലോകന യോഗത്തിൽ ഹാജരായില്ലെന്നാരോപിച്ച് എല്ലാ സർക്കാർ സർവ്വകലാശാലകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വൈസ് ചാൻസലർമാരുടെ ശമ്പളം തടഞ്ഞുവയ്‌ക്കാനും ബിഹാർ സർക്കാർ ഉത്തരവിട്ടു. രണ്ട് ദിവസം മുൻപ് സംഘടിപ്പിച്ച രണ്ട് പ്രധാന യോഗത്തിലാണ് വിസിമാർ പങ്കെടുക്കാതിരുന്നത്.
കാമേശ്വര് സിംഗ് ദർഭംഗ സംസ്‌കൃത സർവ്വകലാശാല ഒഴികെയുള്ള എല്ലാ വിസിമാർക്കും ഇത് സംബന്ധിച്ച് ഡിപ്പാർട്ട്‌മെൻ്റ് കത്ത് നൽകി. മുടങ്ങിക്കിടക്കുന്ന പരീക്ഷകളുടെ സ്ഥിതിയും മറ്റ് പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ട വിസിമാരിൽ നിന്ന് വ്യക്തത തേടിയിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ വിസിമാരിൽ നിന്ന് തൃപ്തികരമായ മറുപടി വകുപ്പിന് ലഭിച്ചില്ലെങ്കിൽ അധികാരികൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്നും കത്തിലുണ്ട്.
അതിനിടെ വിസിമാരുടെ ശമ്പളം നൽകുന്നത് തടഞ്ഞുവയ്‌ക്കുകയും ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബന്ധപ്പെട്ട സർവകലാശാലകളുടെ അക്കൗണ്ടുകളൊന്നും പ്രവർത്തിപ്പിക്കരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
വിദ്യാഭ്യാസ സെക്രട്ടറി ബൈദ്യനാഥ് യാദവ് പുറപ്പെടുവിച്ച കത്ത് മഗധ് യൂണിവേഴ്‌സിറ്റി, കാമേശ്വര് സിംഗ് ദർഭംഗ സംസ്‌കൃത സർവകലാശാല ഒഴികെയുള്ള എല്ലാ സർവകലാശാലകളിലെയും പരീക്ഷാ കൺട്രോളർമാർക്കും അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: