തിരവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നെടുമങ്ങാട്ടെ വീട്ടിലെത്തിയാണ് അദേഹം കുടുംബത്തെ ആശ്വസിപ്പിച്ചത്. കഴിഞ്ഞ ദിവസം മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയിരുന്നു.
എസ്എഫ്‌ഐ കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാനും മറ്റൊരു പ്രതിയുമാണ് കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അഖിലിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പോലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്. പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണെന്നും, ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിവിഎസ്‌സി ആനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. പ്രണയ ദിനത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനിയോട് പ്രേമം പ്രകടിപ്പിച്ചെന്ന കാരണത്താലും സീനിയേഴ്‌സിനൊപ്പം നൃത്തം ചെയ്തതിനും സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ഒരുകൂട്ടം പേര്‍ പരസ്യവിചാരണ ചെയ്യുകയും നഗ്‌നനാക്കി മര്‍ദിക്കുകയുമായിരുന്നു.
നാലു ദിവസം തുടര്‍ന്ന മര്‍ദനത്തിനൊടുവിലാണ് സിദ്ധാര്‍ഥനെ ഹോസ്റ്റല്‍ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. മൂന്നു ദിവസം വെള്ളം പോലും നല്കാതെ മര്‍ദിച്ചു. കോളജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐയുടെ കസ്റ്റഡിയിലുള്ള മര്‍ദന മുറിയിലും ഹോസ്റ്റല്‍ അങ്കണത്തിലും കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തുമെല്ലാമായി ഫെബ്രുവരി 14 മുതല്‍ മര്‍ദനമായിരുന്നു. നിലത്തിട്ടു നെഞ്ചിലും വയറ്റിലും ചവിട്ടിയതിന്റെ പാടുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തം. ദേഹമാസകലം ബെല്‍റ്റ് കൊണ്ടടിച്ചതിന്റെ അടയാളങ്ങളും ഇലട്രിക് വയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടതും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: