ന്യൂദല്‍ഹി: സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഹൈക്കോടതികളുടെ സ്റ്റേകളുടെ കാലാവധി ആറുമാസം കഴിഞ്ഞാല്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്റ്റേയുടെ കാലാവധി പറയുന്നില്ലെങ്കില്‍ കേസ് തീര്‍പ്പാകും വരെ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ സുപ്രധാനവിധി.
ആറുമാസം കഴിഞ്ഞാല്‍ സ്റ്റേ സ്വാഭാവികമായും അവസാനിക്കുമെന്ന 2018 ലെ വിധി തിരുത്തിയാണ് സുപ്രീംകോടതിയുടെ പുതിയ വിധി പ്രസ്താവം. നീക്കണമെന്ന് ആവശ്യപ്പെട്ട് സമീപിക്കും വരെ സ്റ്റേ സ്വാഭാവികമായും നിലനില്‍ക്കുമെന്നും കോടതി വിശദീകരിച്ചു. ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഹൈക്കോടതികള്‍ പുറപ്പെടുവിക്കുന്ന എല്ലാ ഇടക്കാല ഉത്തരവുകളും സ്വയമേവ കാലഹരണപ്പെടും എന്ന നിര്‍ദ്ദേശം ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള അധികാരം വിനിയോഗിച്ച് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഭരണഘടനാ കോടതികള്‍ മറ്റേതെങ്കിലും കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളുടെ സമയബന്ധിത ഷെഡ്യൂളുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഉള്‍പ്പെടെ എല്ലാ കോടതികളിലെയും കേസുകളുടെ കെട്ടിക്കിടക്കുന്ന രീതി വ്യത്യസ്തമാണ്. ചില കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് കോടതിയുടെ അടിസ്ഥാന സാഹചര്യത്തെക്കുറിച്ച് അറിയാവുന്ന ബന്ധപ്പെട്ട ജഡ്ജിക്ക് വിടുന്നതാണ് നല്ലതെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: