കോട്ടയം: യാത്രയെന്നത് ജീവിത നിയോഗമായി കരുതിയ വ്യക്തിയാണ് ജയകുമാര്‍ ദിനമണി. തൃപ്പൂണിത്തുറ ശ്രീ അഗസ്ത്യാശ്രമ സ്ഥാപകന്‍ സുധീര്‍ വൈദ്യരുടെ ശിഷ്യന്‍. ഗുരുവിന്റെ നിര്‍ദേശ പ്രകാരം അവധൂതരെക്കുറിച്ചുള്ള അന്വേഷണത്തിനായി യാത്ര തുടങ്ങിയത് 2003 ല്‍. 2014ല്‍ ലക്ഷ്മി ധൂതയും ഡോ. അജിതയും യാത്രയുടെ ഭാഗമായി. 21 അവധൂതന്മാരെക്കുറിച്ചാണ് ഏഴ് ഭാഷകളിലായി രചിക്കപ്പെടുന്ന മഹാവധൂതത്തില്‍ പറയുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം കിലോമീറ്റര്‍ ജയകുമാര്‍ അവധൂത ജീവിതം തേടി യാത്ര ചെയ്തു. 14 രാജ്യങ്ങള്‍ പിന്നിട്ടപ്പോള്‍ ആ സഞ്ചാരത്തിന്റെ ദൈര്‍ഘ്യം പിന്നെയും കൂടി. കൊവിഡാനന്തരം 107 ദിവസം നീണ്ടുനിന്ന ഭാരതപര്യടനവും മൂവര്‍ സംഘം നടത്തിയിരുന്നു. കാറിലാണ് യാത്ര. എല്ലാ സംസ്‌കാരത്തേയും അനുഭവിച്ച് അറിഞ്ഞുകൊണ്ട് ആവശ്യമായ ജ്ഞാനം നേടുന്നതിനാണ് യാത്ര റോഡ് മാര്‍ഗം ആക്കിയത്.
ജയകുമാറായിരുന്നു വാഹനമോടിച്ചിരുന്നത്. അദ്ദേഹം ഒരിക്കലും പൂര്‍ണ്ണ ആരോഗ്യവാനായിരുന്നില്ല. 1999 ല്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ദീര്‍ഘമായ ആശുപത്രിവാസവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. പ്രമേഹവും, ഹൃദയത്തിന് തകരാറും, വലതുകൈക്ക് 60 ശതമാനത്തോളം സ്വാധീനക്കുറവും ഉണ്ടായിരുന്നെങ്കിലും ഇച്ഛാശക്തിയായിരുന്നു ജയകുമാറിന്റെ ചാലകശക്തി. സിആര്‍ടി-ഡി മെഷീനിന്റെ സഹായത്തോടെയായിരുന്നു ജീവിതം. ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും അത്ഭുത മനുഷ്യന്‍. ഈ യാത്രയ്‌ക്കിടയില്‍ കാലിന് നീര് കൂടിയപ്പോള്‍ അമൃതയിലെത്തി ചികിത്സ തേടി, വീണ്ടും യാത്ര തുടര്‍ന്നു. ആ യാത്രയാണ് പാതിയില്‍ നിലച്ചത്.
‘ഞങ്ങള്‍ക്ക് ഒട്ടും ധൃതിയില്ല, ജീവിതം യാത്ര ചെയ്യാനുള്ളതാണ്. അവസാനം വരെ അത് തുടരും’ എന്നാണ് ജയകുമാര്‍ പറഞ്ഞിട്ടുള്ളത്. ആ വാക്കുകള്‍ അച്ചട്ടായി. ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അനിവാര്യമായ യാത്രയില്‍ ലക്ഷ്മിക്കും അജിതക്കും ഗുരുതുല്യനായ ജയകുമാറിന്റെ അദൃശ്യ സാന്നിധ്യമാകും ഇനി കൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: