വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഓസ്ട്രേലിയയ്ക്ക് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ടീം 279 റണ്‍സെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മദ്ധ്യനിര ബാറ്റര്‍ കാമറോണ്‍ ഗ്രീന്‍ സെഞ്ചുറി നേടിയതാണ് ഏക ആശ്വാസം.
155 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറി സഹിതം 103 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഗ്രീന്‍. താരത്തിന്റെ ചെറുത്തുനില്‍പ്പില്ലായിരുന്നെങ്കില്‍ കുറഞ്ഞ സ്കോറില്‍ ഓസീസ് ഇന്നിങ്സ് ഇന്നലെ തന്നെ അവസാനിക്കുമായിരുന്നു. ഗ്രീനിനൊപ്പം 11-ാമനായി ഇറങ്ങിയിരിക്കുന്ന ജോഷ് ഹെയ്സല്വുഡുമൊന്നിച്ച് 300 കടത്താനാവുമെന്ന പ്രതീക്ഷയിലാണ് ഓസീസ് ടീം.
ടോസ് നേടി സന്ദര്‍ശകരെ ബാറ്റിങ്ങിന് വിട്ട കിവീസ് ബൗളിങ് നിരയുടെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് ഓസ്ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയത്. 90 റണ്‍സ് തികയ്ക്കും മുമ്പേ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഓപ്പണര്‍മാരായ സ്റ്റീവന്‍ സ്മിത്തും(31) ഉസ്മാന് ഖവാജയും(33) ഏഴാമനായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷും(40) മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചത്.
ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി ആണ് നാല് വിക്കറ്റ് പ്രകടനവുമായി ഓസീസിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നത്. മറ്റ് ബൗളര്‍മാരില്‍ വില്ല്യം ഓറൂര്‍ക്ക്, സ്കോട്ട് കുജ്ജെലെയ്ന്, എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. രചിന് രവീന്ദ്ര ഒരു വിക്കറ്റും സംഭാവന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: