യുഎന്‍: രക്തത്തില്‍ കുളിച്ച പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ആഞ്ഞടുച്ച് ഐക്യരാഷ്‌ട്രസഭയിലെ മനുഷ്യാവകാശകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ്ങ്. “പാകിസ്ഥാന്‍ രക്തത്തില്‍ കുളിച്ചിരിക്കുകയാണ്. ലോകമെമ്പാടും പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതുവഴി ഉണ്ടാകുന്ന രക്തംചൊരിച്ചില്‍ മൂലമുള്ള ചുവപ്പ്, കടത്തില്‍ മൂക്കറ്റം മുങ്ങിയ പാകിസ്ഥാന്റെ വരവ് ചെലവ് കണക്കിലെ ചുവപ്പ്, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെക്കുറിച്ചോര്‍ത്ത് ജനങ്ങള്‍ക്കുള്ള നാണക്കേടിന്റെ ചുവപ്പ്….ഇങ്ങിനെ രക്തത്തില്‍ കുളിച്ച പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ല. – അനുപമ സിങ്ങ് പറഞ്ഞു.
പാകിസ്ഥാന്‍ വീണ്ടും 55ാമത് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമ്മേളനത്തില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിയപ്പോഴാണ് പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഉദാഹരണങ്ങളിലുൂടെ അനുപമ സിങ്ങ് ചൂണ്ടിക്കാട്ടിയത്. ന്യൂനപക്ഷങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും മനുഷ്യാവകാശസംരക്ഷണത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം പരാജയപ്പെടുകയും ചെയ്ത പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ കശ്മീരിന്റെ കാര്യത്തില്‍ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ല- അനുപമ സിങ്ങ് പറഞ്ഞു.
കശ്മീര്‍ പ്രശ്നം ഉയര്‍ത്താന്‍ ശ്രമിച്ച തുര്‍ക്കിയെയും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യയുടെ ആഭ്യന്തരപ്രശ്നത്തില്‍ തുര്‍ക്കി ഇടപെട്ടതില്‍ ഞങ്ങള്‍ പരിതപിക്കുന്നു. ഭാവിയിലെങ്കിലും മറ്റൊരു രാജ്യത്തിന്റെ തികച്ചും ആഭ്യന്തരമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും തുര്‍ക്കി മാറിനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ സിങ്ങ് പറഞ്ഞു.
ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളാണ്. സദ്ഭരണവും സാമൂഹ്യ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചാണ് രാജ്യത്തിന്റെ അവിഭാജ്യഭാഗമായ ജമ്മു കശ്മീരില്‍ ഇന്ത്യ ഭരണഘടനാപരമായി ചില മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയുടെ തികച്ചും ആഭ്യന്തരമായ വിഷയത്തില്‍ ഇടപെടാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്നും അനുപമ സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: