കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ് ഗവർണറുടെ 72 മണിക്കൂർ അന്ത്യശാസനത്തെ തുടർന്ന്. 55 ദിവസത്തെ ഒളിവുജീവിതത്തിനു ശേഷമായിരുന്നു ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ്.
“തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ടാകുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. അതാണ് ജനാധിപത്യം. ഇത് എല്ലാവർക്കും ഒരു പാഠമാണ്. ഇനി, നിയമവാഴ്ചയുടെ ഒരു പുതിയ പ്രഭാതം ബംഗാളിൽ തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നല്ല കാര്യങ്ങൾ സംഭവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ആനന്ദബോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലൈംഗിക അതിക്രമങ്ങൾക്കും ഭൂമി കൈയേറ്റത്തിനും മുഖ്യപ്രതികളെ പിടികൂടുന്നതിൽ പരാജയപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഗവർണർ തിങ്കളാഴ്‌ച്ച രാത്രി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമികൾ ഒരു കുട്ടിയെ അമ്മയിൽ നിന്ന് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഗവർണർ സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു.
സുന്ദർബൻസിന്റെ പ്രാന്തപ്രദേശത്തുള്ള സന്ദേശ്ഖാലി ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടിൽ നിന്നാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്, അവിടെ അയാൾ ഏതാനും കൂട്ടാളികളോടൊപ്പം ഒളിച്ചിരിക്കുകയായിരുന്നു; ജനുവരി ആദ്യം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിലും പ്രതിയായിരുന്നു ഷെയ്ഖ് ഷാജഹാൻ. സന്ദേശ്ഖാലിയിലും നാടിന്റെ നാനാഭാഗത്തുംനിന്ന് നിരവധി പേർ രാജ്ഭവനിൽ വിളിച്ച് ഗവർണറുടെ ഇടപെടലിനെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: