ചെന്നൈ: ചൈനീസ് പതാക പേറുന്ന റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യം നല്കിയ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയുടെ ചിത്രം വച്ചാണ് അവര്‍ പരസ്യം നല്‍കിയത്. അവര്‍ പരിധി വിട്ടിരിക്കുകയാണ്. തിരുനല്‍വേലിയിലെ പൊതു സമ്മേളനത്തില്‍ മോദി പറഞ്ഞു.
തമിഴ്നാട്ടിലെ കുലശേഖര പട്ടണത്ത് ഐഎസ്ആര്‍ഒ രണ്ടാം വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ തറക്കല്ലിടീലിന് മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണന് ഡിഎംകെ സര്‍ക്കാരിനു വേണ്ടി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ചൈനീസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ചേര്‍ത്തിട്ടുള്ളത്.
പദ്ധതിക്കു വേണ്ടി മുന്‍മുഖ്യമന്ത്രി കരുണാനിധിയും മകനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്ന പരസ്യമാണ് വിവാദമായത്.
കേന്ദ്രപദ്ധതിയില്‍ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കാന്‍ ഡി.എം.കെ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. വെറുതെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് ഡിഎംകെ. കേന്ദ്രപദ്ധതികള്‍ അവരുടെ പേരിലാക്കാനാണ് ശ്രമം. എന്നാല്‍ ഇപ്പോള്‍ ചൈനയുടെ പതാക വച്ച് അവര്‍ അതിരു കടന്നു. പ്രധാനമന്ത്രി പറഞ്ഞു.
പരസ്യത്തില്‍ ഭാരതത്തിന്റെ ബഹിരാകാശ ഏജന്‍സിയുടെ ചിത്രം നല്കാന് അവര്‍ക്കായില്ല, അദ്ദേഹം പറഞ്ഞു. പരസ്യത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും രൂക്ഷമായി വിമര്‍ശിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ ഡിഎംകെ അനാദരിക്കുകയാണ്. ചൈനയോടുള്ള ഡിഎംകെയുടെ പ്രതിബദ്ധത പ്രകടമാകുന്നതാണ് പരസ്യം. ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രം പ്രഖ്യാപിച്ചതുമുതല്‍ ഡിഎംകെ അത് അവരുടെ പേരിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം എക്സില്‍ കുറിച്ചു. വിവാദ പരസ്യവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: