Categories: KeralaPathanamthitta

വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കിയത് പ്രതിഷേധം കനത്തതോടെ

Published by

പത്തനംതിട്ട: വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫിനെ പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായിട്ടും ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫിനെ മാനേജ്‌മെന്റ് പുറത്താക്കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

നേരത്തേ നാടകീയ സംഭവങ്ങളാണ് കോളേജില്‍ അരങ്ങേറിയത്. പരാതിക്കാരിയുടെ സംരക്ഷണം പരിഗണിച്ച് ജയ്‌സണെ ഉടനടി കോളേജില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യമുന്നയിച്ച പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂട്ടിയിട്ടു. ആറന്മുള സിഐ ഉള്‍പ്പെടെ പൊലീസ് സംഘമെത്തിയെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് പ്രവേശിപ്പിച്ചില്ല. പൂട്ടുപൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അടിച്ചുതകര്‍ത്തു.

പ്രതിഷേധം കനത്തതോടെ ജയ്‌സണെ പുറത്താക്കുമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു മാനേജമന്റ്. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഈ മാസം ഒന്‍പതിന് ജയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമായ ജയ്‌സണെ ഇതുവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഡിസംബര്‍ 20 നാണ് മൗണ്ട് സിയോണ്‍ ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. നിയമവിദ്യാര്‍ത്ഥിനിയെ സഹപാഠി ജയ്‌സണ്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആദ്യം പൊലീസ് കേസെടുത്തില്ല. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മൂന്ന് ദിവസം വൈകി എഫ്‌ഐആര്‍ ഇട്ടു. ഇതിനിടെ പരാതിക്കാരിക്ക് എതിരെ ആറന്മുള പൊലീസ് തുടര്‍ച്ചയായി കേസുകളെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by