ബെംഗളൂരു: ഇരുപത് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമേഷ് റെഡ്ഡിയുടെ പരോള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. നേരത്തെ ഉമേഷിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു.
വധശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് റെഡ്ഡി ഹൈക്കോടതിയിലും രാഷ്ട്രപതിക്കും അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയിരുന്നു. പിന്നീട് കര്‍ണാടക ഹൈക്കോടതിയും സെഷന്‍സ് കോടതിയുടെ വിധി ശരിവക്കുകയായിരുന്നു.
30 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് ഉമേഷ് വീണ്ടും കോടതിയെ സമീപിച്ചത്. നിലവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ഉമേഷ് കഴിയുന്നത്. രോഗിയായ അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഉമേഷ് പരോളിനായി ശ്രമിച്ചത്.
മഹാരാഷ്ട്ര, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
1997 ല്‍ ഒരു ബലാത്സംഗ കേസിലാണ് ഉമേഷ് റെഡ്ഡി ആദ്യമായി അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ കര്‍ണാടക ഹിന്ദല്‍ഗ ജയിലില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടു. പിന്നീടാണ് ചിത്രദുര്‍ഗ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമാന കുറ്റകൃത്യം ഇയാള്‍ നടത്തിയത്.
കുറ്റകൃത്യങ്ങളില്‍ വിദഗ്ധനായിരുന്ന ഉമേഷ് റെഡ്ഡി ജയില്‍ ചാട്ടത്തിലും വിദഗ്ദ്ധനായിരുന്നു. മൊത്തത്തില്‍, ഇയാള്‍ മൂന്ന് തവണ ജയിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 2002ല്‍ പീനിയ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊത്തത്തില്‍, ഇയാള്‍ക്കെതിരെ 21 ക്രിമിനല്‍ കേസുകളുണ്ട്, അതില്‍ 11 എണ്ണം കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: