കീര്‍ത്തിപുര്‍: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ചുറി നേടി റിക്കാര്‍ഡ് തികച്ച് നമീബിയന്‍ താരം യാന്‍ നിക്കോള്‍സ് ലോഫ്റ്റീ-ഈറ്റണ്‍. നേപ്പാളിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 33-ാം പന്തിലാണ് താരം സെഞ്ചുറി നേടിയത്. നേപ്പാളിന്റെ കുശാല്‍ മല്ല കഴിഞ്ഞ വര്‍ഷം മംഗോളിയയ്ക്കെതിരെ നേടിയ റിക്കാര്‍ഡ് ആണ് പഴങ്കഥയാക്കിയത്. കുശാല്‍ 34 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്.
മത്സരത്തില്‍ അഞ്ചാം നമ്പര്‍ ബാറ്ററായി ഇറങ്ങിയാണ് ലോഫ്റ്റീ-ഈട്ടന് സെഞ്ചുറി തികച്ചത്. 36 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും എട്ട് സിക്സറും സഹിതം 101 റണ്‍സെടുത്ത് പുറത്തായി.
അതിവേഗ സെഞ്ചുറിയില്‍ നാലാം സ്ഥാനത്ത് ഭാരതത്തിന്റെ രോഹിത് ശര്‍മയുണ്ട്. 2017ല്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20യിലാണ് രോഹിത് 35 പന്തുകളില്‍ സെഞ്ചുറി നേടിയത്. ഇത്രയും പന്തുകളില്‍ നിന്നും സെഞ്ചുറി നേടി ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ആണ് മൂന്നാമത്. രോഹിത്തിനേക്കാള്‍ മുമ്പേ ഈ നേട്ടം കൈവരിച്ചതിനാലാണ് മില്ലര്‍ മൂന്നാമനായത്. ബംഗ്ലാദേശിനെതിരെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി.
ഇന്നലെ നടന്ന മത്സരത്തില്‍ നെപ്പാളിനെതിരെ ലോഫ്റ്റീ-ഈറ്റണ്‍ നേടിയ സെഞ്ചുറിയുടെയും ഓപ്പണര്‍ മലാന് ക്രൂഗര്‍ പുറത്താകാതെ നേടിയ അര്‍ദ്ധസെഞ്ചുറിയുടെയും(59) ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 206 റണ്‍സെടുത്തു. ആതിഥേയരായ നേപ്പാള്‍ 18.5 ഓവറില്‍ 186 റണ്‍സില്‍ ഓളൗട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: