റായ്പൂര്‍: ബംഗാളിലെ സന്ദേശ്ഖാലിയില്‍ ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വിഷ്ണുദേവ് സായ് കത്തയച്ചു.
കൂട്ടമാനഭംഗത്തിനിരയാക്കപ്പെട്ടവരില്‍ 50 സ്ത്രീകള്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ആയിരക്കണക്കിന് ഗോത്രവര്‍ഗക്കാരുടെ ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നത്. ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സന്ദേശ്ഖാലിയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ വേദനാജനകവും ഹൃദയഭേദകവുമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് ശ്രമിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും സ്വാതന്ത്ര്യസമര നേതാക്കളുടെയും ആദ്ധ്യാത്മിക ആചാര്യന്മാരുടെയും നാടാണ് ബംഗാള്‍. സ്വാമി വിവേകാനന്ദ, ബങ്കിംചന്ദ്രചാറ്റര്‍ജി, രബീന്ദ്രനാഥ് ടാഗോര്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരെല്ലാം ബംഗാളിന്റെ മഹദ് പുത്രന്മാരായിരുന്നുവെന്നും സായ് കത്തില്‍ ഓര്‍മിപ്പിച്ചു. ഇങ്ങനെയുള്ള ഒരു സംസ്ഥാനത്ത് പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ക്ഷമിക്കാന്‍ സാധിക്കുന്നതല്ല ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: