കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി ഷാജഹാന് ഷെയ്ഖിനെ 72 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് മമതാ ബാനര്‍ജി സര്‍ക്കാരിന് അന്ത്യശാസനം നല്കി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയും ഗുണ്ടാതലവനുമായ ഷാജഹാന് ഷെയ്ഖ് ഗോത്രവര്‍ഗക്കാരുടെ ഭൂമി തട്ടിയെടുത്ത കേസിലും പ്രതിയാണ്. ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യകാരണ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു.
അറസ്റ്റ് നടന്നില്ലെങ്കില്‍ തന്റെ ഓഫീസ് സന്ദേശ്ഖാലിയിലേക്ക് മാറ്റുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കി.
ഷാജഹാന് ഷെയ്ഖിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തിങ്കളാഴ്ച കല്‍ക്കട്ട ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഒരു തരത്തിലുള്ള സ്റ്റേയും നല്‍കില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വീണ്ടും ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയത്. നേരത്തെ ഏഴു ദിവസത്തിനുള്ളില്‍ ഷാജഹാനെ അറസ്റ്റ് ചെയ്യുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് പറഞ്ഞത്.
റേഷന്‍ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടില്‍ ഇ ഡി റെയ്ഡിനെത്തിയതിനെത്തുടര്ന്നാണ് ഷാജഹാന് ഷെയ്ഖ് ഒളിവില്‍ പോയത്. റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: