ഉജ്ജയിനി (മധ്യപ്രദേശ്): ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥാപിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് ഒന്നിന് ഇത് അനാച്ഛാദനം ചെയ്യും. ഉജ്ജയിനി നഗരത്തിലെ ജന്തര്‍മന്തറില്‍ നിര്‍മിച്ച 85 അടി ഉയരമുള്ള ടവറിലാണ് വേദ ഘടികാരം സ്ഥാപിച്ചത്.
വൈദിക ഹിന്ദു പഞ്ചാംഗം, ഗ്രഹ സ്ഥാനങ്ങള്‍, മുഹൂര്‍ത്തം തുടങ്ങിയവയെല്ലാം ക്ലോക്ക് പ്രദര്‍ശിപ്പിക്കും, കൂടാതെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം, ഗ്രീന്‍വിച്ച് സമയം എന്നിവയും കാണിക്കും. ഉദയം മുതല്‍ ഉദയം വരെയുള്ള സമയമാണ് വേദ ഘടികാരം അടയാളപ്പെടുത്തുന്നതെന്ന് വേദിക് ക്ലോക്ക് ഡെവലപ്പിങ് ടീം അംഗം ശിശിര്‍ ഗുപ്ത എഎന്‍ഐയോട് പറഞ്ഞു.
രണ്ട് സൂര്യോദയങ്ങള്‍ക്കിടയിലുള്ള സമയം ഐഎസ്ഡി അനുസരിച്ച് ഒരു മണിക്കൂര്‍ 48 മിനിറ്റ് അടങ്ങുന്ന 30 ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ക്ലോക്കില്‍ 30 മുഹൂര്‍ത്തങ്ങളും തിഥികളും വേദ ഹിന്ദു പഞ്ചാംഗത്തിന്റെ മറ്റെല്ലാ സമയങ്ങളും പ്രദര്‍ശിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
300 വര്‍ഷം മുമ്പ് ലോകത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് സമയം നിശ്ചയിച്ചിരുന്നത് ഉജ്ജയിനിയില്‍ നിന്നാണെന്ന് വിദഗ്ധര്‍ പറയുന്നു. 2022 നവംബര്‍ 6ന് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ മോഹന്‍ യാദവാണ് വേദ ഘടികാരസ്തംഭത്തിന് തറക്കല്ലിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: