പത്തനംതിട്ട: 2022 – 23 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് സ്മാം (സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍) പദ്ധതിയില്‍ കാര്‍ഷികോപകരണങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയത് 65 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ മുഴുവന്‍ കാര്‍ഷികോപകരണങ്ങള്‍ക്കും പൂര്‍ണമായും സബ്‌സിഡി നല്കിയതായി വിവരാവകാശ രേഖയില്‍ പറയുന്നു.
പാലക്കാട് ജില്ലയിലാണ് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സബ്‌സിഡി തുക ലഭിച്ചത്. 2529 കര്‍ഷകര്‍ക്കായി 13.50 കോടി രൂപയാണ് നല്കിയത്. തിരുവനന്തപുരത്ത് 19 കര്‍ഷക സംഘങ്ങള്‍ക്കും 880 കര്‍ഷകര്‍ക്കുമായി 1.68 കോടി രൂപ നല്കി. ആലപ്പുഴ ജില്ലയില്‍ 781 കര്‍ഷകര്‍ക്ക് 25,570,870 രൂപയും കണ്ണൂരില്‍ 33 ഗ്രൂപ്പുകള്‍ക്കും 3519 വ്യക്തിഗത ആനുകൂല്യവും ചേര്‍ത്ത് 39,283,852 രൂപയാണ് നല്കിയത്.
വയനാട് 1913 പേര്‍ക്ക് 38,422,043 രൂപയും തൃശ്ശൂര്‍ ജില്ലയില്‍ 2586 പേര്‍ക്ക് 9.36 കോടി രൂപയും നല്കി. ഇടുക്കിയില്‍ 289 ഗുണഭോക്താക്കള്‍ക്ക് 2.15 കോടി രൂപയും പത്തനംതിട്ട ജില്ലയില്‍ 1538 കര്‍ഷകര്‍ക്കായി 2.53 കോടി രൂപയും അനുവദിച്ചു. കൊല്ലത്ത് 983 പേര്‍ക്ക് 12 കോടി 39 ലക്ഷം രൂപയും കാസര്‍കോട് 215 കര്‍ഷകര്‍ക്കായി 32,155,217 രൂപയും നല്കി. മലപ്പുറം ജില്ലയില്‍ 35 കാര്‍ഷിക കൂട്ടായ്മകള്‍ക്കും 1982 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കും കൂടി കേന്ദ്ര ധനസഹായം 12 കോടിയും കോഴിക്കോട് 1865 കര്‍ഷകര്‍ക്കായി 26,462,563 രൂപയും ലഭിച്ചു.
രാജ്യത്തെ കാര്‍ഷിക മേഖലകളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം വ്യക്തിഗത സാമ്പത്തിക സഹായമായി 40 മുതല്‍ 60 ശതമാനം വരെയും യന്ത്രങ്ങള്‍ ഹയറിങ് നല്കുന്ന സെന്ററുകള്‍ക്ക് 40 ശതമാനവും ഫാം മിഷനറി സെന്ററുകള്‍ക്ക് 80 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും.
ഇതുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട എന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. അക്ഷയ വഴിയോ സ്വന്തമായോ ഓണ്‍ലൈന്‍ വഴിയോ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാം. കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളില്‍ കാര്‍ഷിക മേഖലയില്‍ സുസ്ഥിരമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ യന്ത്രവല്‍കൃത കൃഷി രീതി അവലംബിക്കുന്നത് കൊണ്ട് സമയലാഭവും വിള വര്‍ധനവും ലഭിക്കുന്നുണ്ടെന്നും കര്‍ഷകര്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: