തൃശ്ശൂര്‍: സാംസ്‌കാരിക നായകരെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയുടെ തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായം പറഞ്ഞതിന് ഷിബു ചക്രവര്‍ത്തിയെയും ചെറുവയല്‍ രാമനേയും അധിക്ഷേപിച്ചു. ക്രിയാത്മകമായ അഭിപ്രായപ്രകടനങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും അസഹിഷ്ണുതയാണ്. ഭാരതം ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെ സ്വാതന്ത്ര്യമെന്ന ആശയത്തിന് വിരുദ്ധമാണിത്. കേരളത്തില്‍ സാംസ്‌കാരിക നായകരെ തമസ്‌കരിക്കുകയാണ്.
സാംസ്‌കാരിക നായകരുടെ സ്മാരകങ്ങള്‍ അപമാനകരമാംവിധം ജീര്‍ണിച്ച നിലയിലാണ്. കുഞ്ചന്‍ സ്മാരകം അടച്ചു പൂട്ടിയിരിക്കുന്നു. സുഗതകുമാരി, തകഴി തുടങ്ങിയവരുടെയെല്ലാം സ്മാരകങ്ങള്‍ക്ക് ഇതേ അവസ്ഥയാണ്.
എഴുത്തുകാരെ വെറും കൂലിയെഴുത്തുകാരാക്കുകയാണ് സിപിഎം. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സൈ്വരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. നവോത്ഥാന മൂല്യങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. പന്തിഭോജനം നടത്തിയതിന്റെ പേരില്‍ നിര്‍മലാനന്ദ സ്വാമികളെയും സഹോദരന്‍ അയ്യപ്പനേയും വിമര്‍ശിച്ചവര്‍, ഇപ്പോള്‍ ബിജെപിയെയും അവഹേളിക്കുന്നു. മന്നത്തിനെ അപമാനിക്കുന്ന ലേഖനം സിപിഎം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. മന്നത്തിനെ വിമര്‍ശിക്കാന്‍ സിപിഎമ്മിന് എന്ത് പാരമ്പര്യമാണുള്ളതെന്നും കുമ്മനം ചോദിച്ചു. ഇഎംഎസ് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രമെഴുതിയപ്പോള്‍ അയ്യങ്കാളിയെ അവഗണിച്ചു.
67 വര്‍ഷമായി രണ്ട് മുന്നണികളും കേരളത്തെ പിന്നോട്ട് വലിക്കുകയാണ്. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും തകര്‍ത്തു. സാമ്പത്തികമായും കേരളം തകര്‍ന്നു. സംസ്ഥാനത്തെ നാലര ലക്ഷം കോടിയുടെ കടക്കെണിയില്‍ പെടുത്തിയത് കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുകാരും ചേര്‍ന്നാണ്. കേരളം ഒരുമാറ്റം ആഗ്രഹിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.
വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തൃശ്ശൂരില്‍ നിന്ന് ഒല്ലൂരിലേക്ക് നടന്ന പദയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. എഴുത്തുകാരനും കേരളവര്‍മ കോളജ് മുന്‍ പ്രിന്‍സിപ്പാളുമായ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, എഴുത്തുകാരായ സി. രാമചന്ദ്രമേനോന്‍, കരിമ്പുഴ രാധ എന്നിവര്‍ യോഗത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: