റാഞ്ചി : ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 എന്ന വിജയ ലക്ഷ്യം നാലാം ദിനത്തില്‍ തന്നെ ഇന്ത്യ മറികടന്നു. ജുറെലും ഗില്ലും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. ഈ ജയത്തോടെ 3-1ന് മുന്നില്‍ എത്തിയ ഇന്ത്യ പരമ്പരയും നേടി.
ഇന്ത്യക്കായി ഓപ്പണര്‍മാര്‍ 84 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. യശസ്വി ജയ്സ്വാള്‍ 37 റണ്‍സ് എടുത്തു. ജോ റൂട്ട് ആണ് ജയ്സ്വാളിനെ പുറത്താക്കിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ55 റണ്‍സ് എടുത്തു പുറത്തായി. പടിദാറിനെ റണ്‍സെടുക്കും മുമ്പ് ബഷീര്‍ പുറത്താക്കി.
ഉച്ചഭക്ഷണത്തിന് പിന്നാലെ നാല് റണ്‍സ് എടുത്ത ജഡേജയും റണ്‍ ഒന്നും എടുക്കാതെ സര്‍ഫറാസും തുടരെ തുടരെയുള്ള പന്തുകളില്‍ പുറത്തായി. രണ്ട് വിക്കറ്റുകളും ബഷീര്‍ ആണ് വീഴ്ത്തിയത്. ഇതോടെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലായി.
ഈ ഘട്ടത്തില്‍ ഗില്ലും ജുറെലും സിംഗിള്‍സും ഡബിളും എടുത്ത് ബുദ്ധിപരമായി കളിച്ച് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. ഗില്‍ 124 പന്തില്‍ നിന്ന് 52 റണ്‍സ് എടുത്തും ജുറല്‍ 77 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്തും പുറത്താകാതെ നിന്നു.
ഇന്നലെ ഇംഗ്ലണ്ടിനെ 145ന് പുറത്താക്കിയപ്പോള്‍ ഇന്ത്യക്ക് വിജയിക്കാന്‍ 192 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 353 റണ്‍സും ഇന്ത്യ 307 റണ്‍സുമായിരുന്നു നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: