കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തെ കെഎസ്‌ഐഡിസി സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ ചോദ്യം. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെഎസ്‌ഐഡിസിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമല്ലേ കെഎസ്‌ഐഡിസി. അങ്ങനെയിരിക്കെ കേന്ദ്ര അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. പിന്നെ എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നത്. പൊതുപണം ഉപയോഗിച്ചാണ് 13 ശതമാനത്തിലധികം ഷെയർ സി എം ആർ എല്ലിൽ വാങ്ങിയത്. കരിമണൽ കമ്പനിയുടെ ഡയറ്കടർ ബോർഡിൽ കെ എസ് ഐ ഡി സിയുടെ ഒരു നോമിനിയുമുണ്ട്. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് എന്താണെന്നും കോടതി ചോദിച്ചു.
നിങ്ങളുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയില്ല എന്നാണ് പറയുന്നത്. ഇതിൽ എന്താണ് യുക്തിയെന്നും കോടതി ആരാഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് പണം നൽകിയത് അറിഞ്ഞില്ലെന്നായിരുന്നു കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചിരുന്നത്. ഇതിനോടായിരുന്നു കോടതിയുടെ പരാമർശം.
സിഎംആര്‍എല്‍എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അറിവില്ലെന്നും വിവാദമുണ്ടായപ്പോള്‍ തന്നെ സിഎംആര്‍എലിനോട് ഓഹരിപങ്കാളിയെന്ന നിലയില്‍ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്‌ഐഡിസി വ്യക്തമാക്കി. തല്‍ക്കാലം കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണം മാറ്റി വെക്കണമെന്നും വ്യക്തമായ തെളിവുകള്‍ കിട്ടിയതിന് ശേഷംമാത്രമേ അന്വേഷിക്കാകൂവെന്നും കെഎസ്‌ഐഡിസി അവശ്യപ്പെട്ടു.
കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയില്‍ അഭിഭാഷകന്‍ ഷോണ്‍ ജോര്‍ജും കക്ഷി ചേര്‍ന്നിട്ടുണ്ട്. അന്വേഷണം തടയണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയതാണെന്നും അതിനാല്‍ ഹര്‍ജി അനുവദിക്കരുതെന്നുമാണ് ഷോണിന്റെ അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി 12 ലേക്ക് മാറ്റി. നേരത്തെ, എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സ് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: