തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പകൽ 12 മുതൽ ഉച്ചയ്‌ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് പറഞ്ഞു. പരമാവധി ശുദ്ധ ജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ കനത്ത ചൂടിന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: