കാശി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ അതിക്രമങ്ങള്‍ക്കിരയായ സ്ത്രീസമൂഹത്തിന് എല്ലാ പിന്തുണയും നല്കി ഒപ്പം ഉണ്ടാകുമെന്ന് രാഷ്ട്രസേവികാസമിതി അഖിലഭാരതീയ കാര്യകാരി മണ്ഡല് പ്രമേയം. ഒരു സ്ത്രീ തന്നെ മുഖ്യമന്ത്രിയായിരിക്കുന്ന പ്രദേശത്താണ് ഈ കൊടും ക്രൂരതകള്‍ നടക്കുന്നതെന്നത് അസഹനീയമാണെന്ന് വാരാണസി അതുലാനന്ദ് കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ന്ന കാര്യകാരി മണ്ഡല് അഭിപ്രായപ്പെട്ടു.
ആശങ്ക ഉണര്‍ത്തുന്നതാണ് സന്ദേശ്ഖാലിയിലെ സ്ഥിതിഗതികള്‍. ജനനി, ജന്മഭൂമി, ജഗത്ജനനി തുടങ്ങി മാതൃത്വത്തിന്റെ എല്ലാ ഭവ്യഭാവനകളെയും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച അതേ സുവര്ണബംഗാളിലാണ് നിരപരാധികളായ അമ്മമാരുടെ നിലവിളികള്‍ മുഴങ്ങുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.
സന്ദേശ്ഖാലി അടങ്ങുന്ന 24 പര്‍ഗാനാസ് ജില്ലയുടെ സാമൂഹ്യസാഹചര്യം അരാജകത്വത്തിന്റേതായി മാറിക്കഴിഞ്ഞു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, നുഴഞ്ഞുകയറ്റം, ജനസംഖ്യാ സന്തുലനത്തെ അട്ടിമറിക്കുന്ന പ്രവണതകള്‍ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന നിലയിലേക്ക് വളര്‍ന്നിട്ടുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
സുപ്രിംകോടതി, ദേശീയ വനിതാ കമ്മിഷന്, മനുഷ്യാവകാശ കമ്മിഷന്, പട്ടികജാതി കമ്മിഷന് തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഇടപെട്ടിട്ടും ബംഗാള്‍ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. കുറ്റവാളികള്‍ക്കെതിരെ ചെറുവിരലനക്കാതെ സംഭവങ്ങള്‍ക്ക് വര്‍ഗീയ നിറം നല്‍കാനുള്ള അധമമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
സ്ത്രീകളെ സംരക്ഷിക്കുന്നതിലും സാമൂഹിക നീതി ഉറപ്പാക്കുന്നതിലും ബംഗാള്‍ ഭരണകൂടം പരാജയപ്പെട്ടു. ക്രൂരമായ ബലാത്സംഗം നടത്തിയെന്ന് സ്ത്രീകള്‍ ചൂണ്ടിക്കാട്ടിയ ഷാജഹാന് ഷെയ്ഖിനെപ്പോലുള്ള കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ അഭയം നല്‍കുകയാണ്. തികച്ചും ദൗര്‍ഭാഗ്യകരമാണിത്.
കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് സര്‍ക്കാരിനോടും പോലീസിനോടും അന്വേഷണ ഏജന്‍സികളോടും രാഷ്ട്രസേവികാ സമിതി അഭ്യര്‍ത്ഥിക്കുന്നു.
അക്രമത്തിനിരകളായ സ്ത്രീകളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള നടപടികള്‍ സ്വീകരിക്കണം. വിഷമകരമായ സാഹചര്യത്തില്‍ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കൊപ്പം രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തകരുണ്ടാകും. അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള സന്ദേശ്ഖാലിയുടെ ധൈര്യത്തില്‍ അഭിമാനിക്കുന്നു, സേവികാസമിതി പ്രമേയം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: