ന്യൂദല്‍ഹി: മുന്‍ സര്‍ക്കാറുകളുടെ കാലത്ത് നടന്ന ആയിരക്കണക്കിന് കോടികളുടെ അഴിമതികള്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുന്നത്. 10 വര്‍ഷത്തിനിടെ രാജ്യം അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി കുതിച്ചുയര്‍ന്നു. തല്‍ഫലമായി, ഒരു വശത്ത് ദൈവിക വിശ്വാസത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിക്കാനാകുമെന്ന് ഇരുമ്പുവടം കൊണ്ടു നിര്‍മിച്ച ഭാരതത്തിലെ ഏറ്റവും നീളമേറിയ പാലം ‘സുദര്ശന് സേതു’ ഉദ്ഘാടനം ചെയ്ത ചടങ്ങിലും മോദി ആവര്‍ത്തിച്ചു. തന്റെ ഭരണത്തിന് കീഴില്‍ യാഥാര്‍ത്ഥ്യമായ പാലങ്ങളുടെ പട്ടികയും പ്രധാനമന്ത്രി നിരത്തി. മുംബൈയിലെ രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലം, ജമ്മു കശ്മീരിലെ ചെനാബില്‍ നിര്‍മ്മിച്ച ഗംഭീരമായ പാലം, തമിഴ്നാട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന ആദ്യത്തെ ലംബ ലിഫ്റ്റ് പാലമായ പുതിയ പാമ്പന്‍ പാലം, അസമിലെ ഏറ്റവും നീളം കൂടിയ നദീപാലം എന്നിവയുടെ ഉദാഹരണങ്ങള്‍ മോദി നല്കി.
സുദര്ശന് സേതു
ഏകദേശം 980 കോടി രൂപ ചെലവില്‍ ഓഖ മെയിന്‍ലാന്റിനെയും (വന്‍കര) ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച സുദര്ശന് സേതു പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 2.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്റ്റേയ്ഡ് പാലമാണ്.ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല് അലങ്കരിച്ചതും ഇരുവശത്തും ഭഗവാന് കൃഷ്ണന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ അഭിമാനകരമായതും സവിശേഷമായതുമായതുമായ ഒരു നടപ്പാതയാണ് സുദര്ശന് സേതുവില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ നടപ്പാതയുടെ മുകള്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പാലം ഗതാഗതം സുഗമമാക്കുകയും ദ്വാരകയ്ക്കും ബെയ്റ്റ്ദ്വാരകയ്ക്കും ഇടയിലുള്ള ഭക്തരുടെ യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ബെയ്റ്റ് ദ്വാരകയിലെത്താന്‍ പാലം പണിയുന്നതിനുമുമ്പ് തീര്‍ഥാടകര്‍ക്ക് ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേവഭൂമി ദ്വാരകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഈ മഹത്തരമായ പാലം വര്‍ത്തിക്കും.
അടല്‍ സേതു
രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമാണ് അടല്‍ സേതു. രാജ്യത്തെ എന്‍ജിനിയറിങ് മികവ് എന്തെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന അഭിമാന പദ്ധതിയാണിത്. ഏതാണ്ട് 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകേ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ആകെയുള്ള 21.8 കിലോമീറ്റര്‍ ദൂരത്തില്‍ 16.5 കിലോമീറ്റര്‍ കടലിലും 5.8 കിലോമീറ്റര്‍ കരയിലുമായാണ് കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി. 177903 മെട്രിക് ടണ്‍ സ്റ്റീലും 504253 മെട്രിക് ടണ്‍ സിമന്റും പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചുവെന്നാണ് കണക്ക്. ആകെ 70 ഓര്‍ത്തോട്രോഫിക് സ്റ്റീല്‍ ഡെഡ്ജ് ഗിര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇന്ത്യയില്‍ ആദ്യമായി ഓര്‍ത്തോട്രോപിക് ഡെക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പാലവും ഇതാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ഥമായാണ് അടല്‍ സേതു എന്ന പേര് നല്‍കിയത്. ഇരുവശത്തേക്കും മൂന്ന് വരി വീതം ആറുവരിപ്പാതയാണ് അടല്‍ സേതുവില്‍ സജ്ജമാക്കിയിട്ടുള്ളത്. അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയുമുണ്ട്. ഓരോ ദിവസവും 70,000ത്തോളം വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്.
ചെനാബ് പാലം
ജമ്മു കശ്മീരിലെ റീസി ജില്ലയിലാണ് ചെനാബ് റെയില്‍പ്പാലം. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഈ റെയില്‍പ്പാലത്തിന്റെ നീളം 1.3 കിലോമീറ്റര്‍ ആണ്. കശ്മീര്‍ താഴ് വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായ് ബന്ധിപ്പിക്കുന്ന റെയില്‍പ്പാലത്തിന് ഈഫല്‍ ടവറിനെക്കാളും 35 മീറ്റര്‍ ഉയരമുണ്ട്. ഈ റെയില്‍പ്പാലത്തിന്റെ ആകെ ഉയരം 1,178 അടിയാണ് (359 മീറ്റര്‍). 2022 ഓഗസ്റ്റിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായത്. എന്‍ജിനീയറിങ് വിസ്മയമാണ് ചെനാബ് പാലം. 28,660 മെട്രിക് ടണ്‍ ഉരുക്കാണ് ഈ കൂറ്റന്‍ പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 120 വര്‍ഷമാണ് പ്രവചിക്കപ്പെടുന്ന ആയുസ്സ്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനെ വരെ പ്രതിരോധിക്കാന്‍ പാലത്തിനു സാധിക്കും. കത്രേയും ബനിഹാളിനേയും ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളത്തിലുള്ള തന്ത്രപ്രധാന പാതയിലാണ് ഈ വന്‍ പാലമുള്ളത്. ഉദംപുര്‍ -ശ്രീനഗര്‍ -ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് ചെനാബ് പാലം നിര്‍മിച്ചിരിക്കുന്നത്.
ഭൂപന്‍ ഹസാരിക സേതു
രാജ്യത്തെ ഏറ്റവും നീളം കൂടിയ (9.15 കിലോമീറ്റര്‍) നദീപാലമാണ് അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന തന്ത്രപരമായി നിര്‍ണായകവുമായ ഭൂപന്‍ ഹസാരിക സേതു. 60 ടണ്‍ ഭാരമുള്ള യുദ്ധ ടാങ്കിന്റെ ഭാരം താങ്ങാന്‍ കഴിയുന്ന പാലം, മേഖലയിലെ വിവിധ തന്ത്രപ്രധാന സ്ഥലങ്ങളിലേക്ക് റോഡ് ലിങ്ക് നല്‍കുകയും ചൈന അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ അരുണാചലിലെ അതിര്‍ത്തിയിലേക്ക് സിവില്‍, സൈനിക നീക്കം എളുപ്പമാക്കുകയും ചെയ്യും. 950 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം അരുണാചലിലെ ദിബാംഗ്, അഞ്ജാവ എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക സാമഗ്രികള്‍ക്ക് എത്തിച്ചേരാനുള്ള യാത്രാ സമയം കുറയ്ക്കും. സംഗീതജ്ഞനായ ഭൂപന്‍ ഹസാരികയുടെ പേര് നല്‍കിയത്. ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത്തിന് മുകളിലുള്ള് പാലത്തിന് ് സംഗീതജ്ഞനായ ഭൂപന്‍ ഹസാരികയുടെ പേരാണ് ഇട്ടിരിക്കുന്നത്.
പാമ്പന്‍ പാലം
ഇന്ത്യയിലെ എന്‍ജിനിയറിങ് മികവിന്റെ വിസ്മയങ്ങളില്‍ ഒന്നാണ് രാമേശ്വരത്തെ പാമ്പന്‍ പാലം. പാക് കടലിടുക്കിന് കുറുകേ രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള പാമ്പന്‍ പാലം ഇപ്പോഴും സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ്. രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിച്ച് ഒരു നൂറ്റാണ്ടിലേറെയായി തലയുയര്‍ത്തി നിന്ന പാമ്പന്‍ പാലത്തിന് ബദലാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ പാമ്പന്‍ പാലം. കരുത്തിന്റെ പര്യായമെന്ന വിശേഷണമുള്ള പഴയ പാമ്പന്‍ പാലത്തോട് കിടപിടിക്കുന്നതാണ് പുതിയ പാലവും. ചെറുകപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ മധ്യഭാഗം ഒന്നാകെ ലംബമായി മുകളിലേക്ക് ഉയരുന്ന ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ സംവിധാനമാണ് പുതിയ പാലത്തിന്റെ പ്രധാന സവിശേഷത. കപ്പലുകള്‍ കടന്നുപോകുമ്പോള്‍ പാലത്തിന്റെ മധ്യഭാഗം പാളത്തിനു സമാന്തരമായി കുത്തനെ ഉയരും. ഇ രാജ്യത്ത് ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലം കൂടിയാണിത്. പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സര്‍ ഉപയോഗിച്ചാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനം പ്രവര്‍ത്തിക്കുക. കപ്പലുകള്‍ വരുമ്പോള്‍ പാലം ഉയര്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കല്‍ നിയന്ത്രിത സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും തടസമില്ലാത്ത യാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.
പഴയ പാലത്തില്‍ കാലപ്പഴക്കംകാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഈ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലം നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: