തിരുവനന്തപുരം: അമേരിക്കയിലെ ഓറിഗോണില്‍ ആശ്രമം സ്ഥാപിച്ച ശേഷം ഒടുവിലൊടുവില്‍ രജനീഷ് മയക്കമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അതോടെയാണ് താന്‍ ആശ്രമം വിട്ടതെന്നും രജനീഷിന്റെ സെക്രട്ടറിയായിരുന്ന മാ ഷീല ആനന്ദ്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മാ ഷീല ആനന്ദിന്‍രെ ഈ വെളിപ്പെടുത്തല്‍.
“രജനീഷും അദ്ദേഹത്തെ ചുറ്റിനിന്ന ചിലരും മയക്കമരുന്ന് ഉപയോഗിച്ചിരുന്നു. ഇത് ആരോഗ്യത്തിനും ആദര്‍ശത്തിനും ഉണ്ടായേക്കാവുന്ന ഇടിവിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. അമേരിക്കയിലെ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഞാന്‍ താക്കീത് ചെയ്തു. എന്നാല്‍ ഞാന്‍ ചോദ്യം ചെയ്തത് രജനീഷിന് ഇഷ്ടപ്പെട്ടില്ല. അതോടെ രജനീഷ് എന്നില്‍ നിന്നും അകലാന്‍ തുടങ്ങി.”- മാ ഷീല ആനന്ദ് പറഞ്ഞു.
“ഇതോടെ ഞാന്‍ ആശ്രമം വിടാന്‍ തീരുമാനിച്ചു. മറ്റു ചിലരും എന്നോടൊപ്പം ചേര്‍ന്നു. ഞാന്‍ ആശ്രമം വിട്ടതോടെ എനിക്കെതിരെ വലിയ ആരോപണങ്ങള്‍ ഉണ്ടായി. ഭഗവാനുമായി ലൈംഗിക ബന്ധം ഉണ്ടായി എന്ന് വരെ ആരോപണം ഉണ്ടായി. അത് തെറ്റായിരുന്നു.ഭഗവാന് എന്ന നിലാവില് തിളങ്ങുന്ന കണ്ണാടി മാത്രമായിരുന്നു ഞാന്‍.”- മാ ഷീല ആനന്ദ് പറഞ്ഞു. ഇതാണ് രജനീഷിന്റെ ആശ്രമത്തില്‍ ഉണ്ടായ വലിയ പിളര്‍പ്പ്. 1985ലാണ് മാ ഷീല ആനന്ദ് രജനീഷിന്റെ ആശ്രമം വിട്ടത്. രജനീഷ് ഫൗണ്ടേഷന് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ്, ഭഗവാന്റെ സെക്രട്ടറി, അമേരിക്കയിലെ ഓറിഗോണ്‍ ആശ്രമത്തിന്റെ മാനേജര്‍ എന്നീ പദവികള്‍ മാ ഷീല ആനന്ദ് വഹിച്ചിരുന്നു.
ആരോപണങ്ങളും ക്രിമിനല്‍ കുറ്റങ്ങളും നിറഞ്ഞ മാ ആനന്ദ് ഷീലയുടെ ജീവിതം
ഓഷോ രജനീഷിന്റെ ജീവിതത്തിലെ വിവാദനായികയാണ് മാ ആനന്ദ് ഷീല. ഒരു പക്ഷം അവര്‍ നന്മയുള്ളവരാണെന്ന് പറയുമ്പോള്‍ മറ്റൊരു പക്ഷം അവര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നും ആരോപിക്കുന്നു. പല വിധ കുറ്റാരോപണങ്ങള്‍ കാരണം അമേരിക്കയിലെ കോടതിയാണ് മാ ഷീല ആനന്ദിന് ജയില്‍ വാസം വിധിച്ചത്. 20 വര്‍ഷവും 4,70000 ഡോളറുമായിരുന്നു പിഴ. പിന്നീട് അത് നാലര വര്‍ഷമായി ചുരുക്കി. നാലരവര്‍ഷം ജയിലില്‍ കഴിഞ്ഞു. വാസ്തവത്തില്‍ മാര്‍ക് പി. സില്‍വര്‍മാന്‍ എന്ന അമേരിക്കക്കാരനെ വിവാഹം ചെയ്ത മാ ഷീല 1972ല്‍ ആത്മീയതയെക്കുറിച്ച് പഠിക്കാനാണ് ഇന്ത്യയിലേക്ക് ഭര്‍ത്താവിനൊപ്പം വന്നത്. പിന്നീട് രജനീഷിന്റെ ആശ്രമത്തിലെ അന്തേവാസിയായി. വൈകാതെ ഭര്‍ത്താവ് മരിച്ചു. പിന്നീട് രജനീഷിന്റെ അനുയായിയായ ജോണ്‍ ഷെല്ഫറെ വിവാഹം കഴിച്ചു.
തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ അവര്‍ നാലരവര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ അര്‍സ് ബെന്സ്റ്റിയല് എന്ന സ്വിസ് പൗരനെ വിവാഹം കഴിച്ചു. സ്വിറ്റ്സാര്ലാന്റിലെത്തി രണ്ട് നഴ്സിംഗ് ഹോമുകള്‍ നടത്തി ജീവിക്കുന്നതിനിടയില്‍ രജനീഷ് ആശ്രമത്തിലുണ്ടായിരുന്ന വേളയില്‍ യുഎസിലെ ഒരു ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ചാള്‍സ് ടേണറെ വധിച്ചു എന്ന കുറ്റാരോപണമുണ്ടാവുകയും ചെയ്തു. പക്ഷെ സ്വിസ് സര്‍ക്കാര്‍ മാ ഷീലയെ യുഎസിന് വിട്ടുകൊടുത്തില്ല. പകരം സ്വിറ്റ്സര്‍ലാന്റില്‍ തന്നെ വിചാരണ നടത്തി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. രജനീഷ് ഓറിഗോണില്‍ ആശ്രമം നടത്തിയ വേളയില്‍ മാ ഷീല ചില അട്ടിമറികള്‍ക്ക് ശ്രമിച്ചതായും പരാതിയുണ്ടായിരുന്നു. ഓറിഗോണിലെ വാസ്കോ കൗണ്ടിയില്‍ തന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. രാഷ്ട്രീയസ്വാധീനമില്ലാതെ അമേരിക്കയിലെ ഓറിഗോണില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാ ഷീലയുടെ ഈ നീക്കമെന്ന് പറയപ്പെടുന്നു. ഒരു ഹിന്ദു ആത്മീയാചാര്യന്റെ ഉയര്‍ച്ചയെ ക്രിസ്തുമതത്തില്‍ അധിഷ്ഠിതമായ അമേരിക്കയിലെ ഭരണകൂടം ഒരു ഭീഷണിയായി എപ്പോഴും കണ്ടു. രജനീഷിന്റെ അതിവേഗം വര്‍ധിച്ചുവരുന്ന ജനസ്വാധീനവും അമേരിക്കന്‍ സര്‍ക്കാരിനെ ഭയപ്പെടുത്തിയിരുന്നതായും പറയുന്നു. പിന്നീട് രജനീഷ് തന്നെ മാ ഷീലയ്ക്കെതിരെ ചില കുറ്റാരോപണങ്ങള്‍ നടത്തിയിരുന്നു. അവര്‍ ആളുകളെ കൊല്ലാന്‍ ബാക്ടീരിയകളെ വളര്‍ത്തുന്ന ഒരു ലാബ് തന്നെ നടത്തിയിരുന്നു എന്നായിരുന്നു ആരോപണം.
മാ ഷീല ആശ്രമം വിട്ട ശേഷം രജനീഷിനെ യുഎസ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് നാടുകടത്തി. അവിടെ പുനെയിലെ ആശ്രമത്തില്‍ തന്റെ 58ാം വയസ്സില്‍ രജനീഷ് ഹൃദയസ്തംഭനം മൂലം മരിച്ചു. എന്തായാലും ഈയിടെ നടത്തിയ കേരള സന്ദര്‍ശന വേളയില്‍ അവര്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: