റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സ് എന്ന നിലയില്‍.ഇന്ത്യക്ക് ജയിക്കാന്‍ 152 റണ്‍സ് കൂടെ വേണം. 192 എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ജയ്സ്വാളും ആക്രമിച്ചാണ് ബാറ്റ് വീശിയത്. ജയ്സ്വാള്‍ 21 പന്തില്‍ 16 റണ്‍സുമായും രോഹിത് 27 പന്തില്‍ 24 റണ്‍സുമായും ക്രീസിലുണ്ട്.
നേരത്തെ ഇംഗ്ലണ്ട് 145 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.സ്പിന്നര്‍മാരായ കുല്‍ദീപ് നാല് വിക്കറ്റും അശ്വിന് അഞ്ച് വിക്കറ്റും വീഴ്ത്തി.
ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 307 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 46 റണ്‍സിന്റെ ആദ്യ ഇന്നിംഗസ് ലീഡ് ലഭിച്ചു.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ആദ്യ പ്രഹരം ഏല്‍പ്പിച്ചത് അശ്വിനാണ്. 15 റണ്‍സ് എടുത്ത ഡക്കറ്റും റണ്‍ എടുക്കാതെ ഒലി പോപും അശ്വിന്റെ അടുത്തടുത്ത പന്തുകളില്‍ പുറത്തായി.
വൈകാതെ 11 റണ്‍സ് എടുത്ത റൂട്ടിനെയും അശ്വിന് മടക്കി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും സാക്ക് ക്രോലി ഇംഗ്ലണ്ടിനായി നന്നായി ബാറ്റു ചെയ്തു. 60 റണ്‍സ് എടുത്ത ക്രോലി കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. ബെയര്‍ സ്റ്റോയെ ജഡേജ പുറത്താക്കി. സ്റ്റോക്സ്, ഹാര്‍ട്ലി, റോബിന്‍സണ്‍ എന്നിവരെയും കുല്‍ദീപ് കൂടാരം കയറ്റി. പതിനേഴ് റണ്‍സെടുത്ത ഫോക്സിനെ അശ്വിന് പുറത്താക്കി. പിന്നാലെ ആന്‍ഡേഴ്സണെയും അശ്വിന് മടക്കി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: