Categories: Varadyam

ഇന്ന് പി.ഭാസ്‌കരന്റെ ചരമദിനം: മൂലധനത്തില്‍ നിന്ന് ഭഗവദ്ഗീതയിലേക്ക്

Published by

”പഠിക്കുമ്പോഴോ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ ആയിരിക്കുമ്പോഴോ ഞാന്‍ ഈശ്വരവിശ്വാസിയായിരുന്നില്ല. പിന്നീട് അനുഭവങ്ങള്‍ എന്നെ ഈശ്വരവിശ്വാസിയാക്കി….” വിപ്ലവഗാനങ്ങള്‍ എഴുതി പ്രശസ്തി നേടിയ പി. ഭാസ്‌കരന്‍ എന്ന കവി ജീവിത സായാഹ്നത്തില്‍ ഭക്തി ഗാനങ്ങള്‍ എഴുതിയതിനെ ഇങ്ങനെയാണ് വിശദീകരിച്ചത്. 1968 ല്‍ തോപ്പില്‍ ഭാസി രചിച്ച മൂലധനം എന്ന കമ്യൂണിസ്റ്റ് ചിത്രം സംവിധാനം ചെയ്ത പി. ഭാസ്‌കരന്‍ 1977 ല്‍ ശ്രീമദ് ഭഗവദ്ഗീത, ജഗദ്ഗുരു ആദിശങ്കരന്‍ എന്നീ പുരാണ ചിത്രങ്ങള്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം നിര്‍മ്മിച്ച ഗുരുവായൂര്‍ മാഹാത്മ്യം എന്ന സിനിമയും പി. ഭാസ്‌കരനാണ് സംവിധാനം ചെയ്തത്.

1924 ഏപ്രില്‍ 21 ന് കൊടുങ്ങല്ലൂരിലാണ് പി. ഭാസ്‌കരന്റെ ജനനം.1944 ല്‍ ദേശാഭിമാനി വാരികയില്‍ പ്രവര്‍ത്തിച്ച ഭാസ്‌കരന്‍ മാഷ് പിന്നീട് 1982 ല്‍ ദീപിക വാരികയുടെ പത്രാധിപരായി. വിപ്ലവത്തില്‍ നിന്ന് വിശ്വാസത്തിലെത്തിയ അദ്ദേഹത്തിന്റെ ജീവിതം വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. പത്രപ്രവര്‍ത്തകന്‍, കവി, ചലച്ചിത്ര സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ടീയ പ്രവര്‍ത്തകന്‍, കേരള സംഗീത നാടക അക്കാദമി പ്രസിഡന്റ്, സെക്രട്ടറി, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍, ആകാശവാണി ഉദ്യോഗസ്ഥന്‍, ചിത്രാഞ്ജലി സ്റ്റുഡിയോ ഡയറക്ടര്‍, സെന്‍സര്‍ ബോര്‍ഡ് അംഗം, ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ കര്‍മ്മനിരതമായിരുന്നു ഭാസ്‌കരന്‍ മാഷിന്റെ സര്‍ഗജീവിതം.

1946 ല്‍ പി.ഭാസ്‌കരന്‍ രചിച്ച ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ എന്ന വിപ്ലവ കവിത നിരോധിക്കപ്പെട്ടതോടെയാണ് കവി എന്ന നിലയില്‍ അദ്ദേഹം പ്രശസ്തനായത്. ഓടക്കുഴലും ലാത്തിയും, പാടുന്ന മണ്‍തരി, ഒരു കവിയുടെ കാല്‍പാടുകള്‍, തംബുരു തുടങ്ങി ഇരുപതോളം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

സജീവ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പി. ഭാസ്‌കരന് 1946 ല്‍ കോട്ടയത്ത് വെച്ച് അറസ്റ്റും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1982 ല്‍ ദീപിക പത്രാധിപരായി കോട്ടയത്ത് പ്രവര്‍ത്തിക്കു മ്പോഴാണ് വിശ്വഹിന്ദു പരിഷത്ത് പുറത്തിറക്കിയ അയ്യപ്പ ഭക്തി ഗാന കാസറ്റിനു വേണ്ടി അദേഹം ഭക്തിഗാനമെഴുതിയത്.

”മണ്ഡല പൂജയ്‌ക്കു നട തുറന്നു
ജഗന്മണ്ഡലാധീശന്റെ നട തുറന്നു
അണ്ഡചരാചരം
അഞ്ജലി കൂപ്പുന്ന
അയ്യനയ്യപ്പന്റെ നട തുറന്നു…”

എല്‍.പി.ആര്‍. വര്‍മ്മയുടെ സംഗീതത്തില്‍ അഭയദേവിന്റെ കൊച്ചുമകന്‍ അമ്പിളിക്കുട്ടനാണ് ഗാനം ആലപിച്ചത്.

1954 ല്‍ പി.ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത ‘നീലക്കുയില്‍’ ചലച്ചിത്ര ലോകത്ത് വഴിത്തിരിവായി. ഭാഗ്യ ജാതകം (1962), ആദ്യ കിരണങ്ങള്‍ (1964), അമ്മയെ കാണാന്‍ (1963), ഇരുട്ടിന്റെ ആത്മാവ് (1967), പരീക്ഷ (1967), കാട്ടുകുരങ്ങ് (1969), മൂലധനം (1969), കള്ളിച്ചെല്ലമ്മ (1969), വിത്തുകള്‍ (1971), ഉമ്മാച്ചു (1971), വിലയ്‌ക്കുവാങ്ങിയ വീണ (1971) തുടങ്ങി നാല്‍പത്തി അഞ്ചോളം സിനിമകള്‍ ഭാസ്‌കരന്‍ മാഷ് സംവിധാനം ചെയ്തു. 12 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

താമസമെന്തേ വരുവാന്‍, അഞ്ജനക്കണ്ണെഴുതി, ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍, നാദബ്രഹ്മത്തിന്‍ സാഗരം, കാട്ടിലെ പാഴ്മുളം തണ്ടില്‍, പത്തു വെളുപ്പിന് മുറ്റത്ത് നില്‍ക്കുന്ന തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന നിത്യ ഹരിത ഗാനങ്ങളില്‍ ചിലതു മാത്രം.

വയലാര്‍ അവാര്‍ഡ് ദാന ചടങ്ങോടെ എല്ലാ വര്‍ഷവും വയലാറിനെ ആഘോഷ പൂര്‍വം അനുസ്മരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ പി. ഭാസ്‌കരന്റെ ജന്മശതാബ്ദി വര്‍ഷം (2024) അനുസ്മരിക്കാതെ മൗനം പാലിക്കുന്നു. ശ്രീശങ്കരനോടുള്ള കമ്യൂണിസ്റ്റുകളുടെ കടുത്ത വിയോജിപ്പാകാം ജഗദ്ഗുരു ശങ്കരാചാര്യര്‍ എന്ന സിനിമയിലൂടെ ആദിശങ്കരന് മലയാള സിനിമയില്‍ ശാശ്വത പ്രതിഷ്ഠ നല്‍കിയ ഭാസ്‌കരന്‍ മാഷിനെ അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by