തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്ക് ശേഷം ആരെന്ന് ചോദ്യത്തിന്, മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഉത്തരം. ലോക്സഭാ സ്ഥാനാര്‍ഥിപട്ടികയില്‍ എല്ലാം വ്യക്തം. മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിന് തടസമായേക്കാവുന്ന എല്ലാവരേയും ലോക്സഭാ ടിക്കറ്റ് നല്കി വഴിമാറ്റി. ഇരുതലമൂര്‍ച്ചയുള്ള വാളാണിത്. തോല്പിച്ച് നാണംകെടുത്തി വീട്ടിലിരുത്താം. അഥവ ജയിച്ചാല്‍ നാടുകടത്താം.
മന്ത്രി കെ.രാധാകൃഷ്ണനെയാണ് പ്രധാനമായും ഉന്നം വച്ചിരിക്കുന്നത്. കുറെനാളായി പിണറായിയുടെ കണ്ണിലെ കരടാണ് രാധാകൃഷ്ണന്. ദേവസ്വം ബോര്‍ഡുകളില്‍ മുഖ്യമന്ത്രിയോട് ചോദിക്കാതെ സ്വീകരിച്ച നിലപാട്, ദേവസ്വം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയിരുന്ന എ. സമ്പത്തിനെ പിന്‍വലിക്കണമെന്ന് ശാഠ്യം പിടിച്ചത്, പിന്നാക്ക വിഭാഗത്തില്‍ പാര്‍ട്ടിക്ക് അതീതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് രാധാകൃഷ്ണന്റെ അയോഗ്യതകള്‍. ഇങ്ങനെ പോയാല്‍ മന്ത്രി രാധാകൃഷ്ണന്, മരുമകന് പാരയാകുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കെ.കെ. ശൈലജ മുഖ്യമന്ത്രിയാകുമെന്ന് പ്രചാരണംഉണ്ടായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം പോലും നല്‍കിയില്ല. കേന്ദ്ര കമ്മിറ്റിയംഗമായ ശൈലജയെ തഴഞ്ഞ്, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പാര്‍ട്ടിയില്‍ എത്തിയ വീണാ ജോര്‍ജ്ജിനെ മന്ത്രിയാക്കി. ഇതില്‍ പാര്‍ട്ടിക്കമ്മിറ്റികളില്‍ ശൈലജയും കൂട്ടരും വിമര്‍ശനം ഉന്നയിച്ചിരുന്നു. മുതിര്‍ന്ന അംഗങ്ങളെ തഴഞ്ഞ് മരുമകനെ മന്ത്രിയാക്കുകയും ചെയ്തു. കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് സംഘടിപ്പിച്ച അവാര്‍ഡുകളാണ് വിനയായത്. ഇതിനുശേഷം ശൈലജയെ രാഷ്ട്രീയമായി ഒതുക്കാനാവുന്നതെല്ലാം ചെയ്തു. ഏറ്റവും ഒടുവില്‍ നവകേരള സദസില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ശൈലജയുടെ അധ്യക്ഷ പ്രസംഗം കൂടിപ്പോയെന്നും പരിപാടിക്ക് ആളില്ലായിരുന്നുവെന്നും പരസ്യമായി അധിഷേപിച്ചു. തെരഞ്ഞെടുപ്പിലൂടെ ശൈലജയുടെ ജനസമ്മതി കുറയ്ക്കുകയാണ് പിണറായിയുടെ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്ന് തികഞ്ഞ അകന്നു നിന്ന തോമസ് ഐസക്കിന് സീറ്റ് നല്‍കിയതിലൂടെ, തന്നെ വിമര്‍ശിക്കുന്ന ഒരാളുടെ പത്തികൂടി മടക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനം മോഹിച്ചയാളാണ് ഐസക്ക്. എന്നാല്‍ അതിന് പിണറായി അനുവദിച്ചില്ല. ഇതോടെ ഭരണത്തെ വിമര്‍ശിച്ച് ഐസക്ക് ചിന്തയില്‍ ലേഖനം എഴുതി. പിണറായി നടപ്പാക്കുന്ന പദ്ധതികള്‍ വിജയിക്കില്ലെന്ന് വിമര്‍ശിച്ചു. ഐസക്കിനെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേയ്ക്കു വണ്ടി കയറ്റിയാണ് പിണറായി തിരിച്ചടിച്ചത്.
എം.എ. ബേബിയെയും വിജയരാഘവനെയും പോളിറ്റ് ബ്യൂറോയിലാക്കി ദല്‍ഹിയിലേക്ക് അയച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റിയ വിജയരാഘവന് പിന്നെ സംസ്ഥാനത്തെ പരിപാടികളിലൊന്നും അധികം കാണാനില്ലാതായി. ഇതിന്റെ പരാതി തീര്‍ക്കാനാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയും മണ്ഡലം പോലും നേരെ നോക്കാതിരിക്കുകയും ചെയ്യുന്ന എം. മുകേഷ് എംഎല്‍എക്കും നല്കി കൊടുത്താന്‍ ‘കൊല്ലത്തും കിട്ടു’മെന്ന പിണറായിയുടെ താക്കീത്.
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് എംഎല്‍എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് എന്നിവരെയും രംഗത്തിറക്കി. ഇനി തിരികെ ജില്ലാ സെക്രട്ടറി സ്ഥാനം ആര്‍ക്കൊക്കെ കിട്ടുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു പോലും നിശ്ചയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: