കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനത്തിനനുകൂലമായ ജനകീയ വികാരം കേരളത്തിലും ശക്തമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്തും നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. എറണാകുളം ലോക്സഭ മണ്ഡലത്തിലെ കേരള പദയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മൂന്നാം പ്രാവശ്യമാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ഓരോ സന്ദര്‍ശനത്തിലും സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുന്ന ഒട്ടേറെ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും. പത്ത് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകാന്‍ പോകുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സാധാരണ രാഷ്ട്രീയം കൊണ്ട് കഴിയാതെ വന്ന ഇടതു-വലതു രാഷ്ട്രീയക്കാര്‍ സംഘടിത മതവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം മതവിഭാഗങ്ങളുടെ പിന്നാലെയാണ്.
സംഘടിത മതവോട്ട് കൈയിലുണ്ടെന്ന ധാര്‍ഷ്ട്യത്താല്‍ മുസ്ലിംലീഗ് കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും നടത്തുന്ന രാഷ്ട്രീയ വിലപേശല്‍ അപകടകരമാണ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ മാത്രമല്ല, മറ്റ് ജില്ലകളും മറ്റാളുകളും മറ്റ് വോട്ടുകളും ഉണ്ടെന്ന കാര്യം ലീഗ് നേതൃത്വവും അവര്‍ക്ക് കീഴടങ്ങുന്ന കോണ്‍ഗ്രസ് – സിപിഎം നേത്യത്വവും ഓര്‍ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്തും ദുര്‍വ്യയവും തുടരുകയാണ്. കേരളം കണ്ടതില്‍ വച്ചേറ്റവും ദുര്‍ബലനായ ധനകാര്യമന്ത്രിയാണ് ബാലഗോപാല്‍. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണശേഷിയുടെ കുറവാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം കേന്ദ്ര, സംസ്ഥാന ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും അഴിമതിയും കെടുകാര്യസ്ഥതയും തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താക്കളായ നാരായണന് നമ്പൂതിരി, കെ.വി.എസ്. ഹരിദാസ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറി എസ്. സജി, എസ്ജെഡി ജില്ലാ പ്രസിഡന്റ് ജോഷി തോമസ്, ജെആര്‍പി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് കുന്നുകര എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: