തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ വൈകിയതിന്റെ പേരില്‍ കെപിസിസി അധ്യക്ഷന്‍ ദേഷ്യം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത അതൃപ്തി. തന്റെ പ്രതിഷേധം വിഡി സതീശന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചു.
തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി കെസി വേണുഗോപാല്‍ ഇടപെട്ടു. ഇരു നേതാക്കളോടും അദ്ദേഹം സംസാരിച്ചു. സുധാകരനും സതീശനും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാന്‍ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് സൂചന.
കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊച്ചിയില്‍ തന്നെ സുധാകരനും സതീശനും ചേര്‍ന്ന് മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.
കെ പി സി സിയുടെ സമരാഗ്നിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളന 10 മണിക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും 10.30ഓടെയാണ് സുധാകരന്‍ എത്തിയത്.
തുടര്‍ന്ന് 10.50 വരെ പ്രതിപക്ഷ നേതാവ് വരുന്നതിനായി കെപിസിസി പ്രസിഡന്റ് കാത്തിരുന്നു. എന്നിട്ടും സതീശന്‍ എത്താതിരുന്നതോടെയാണ് ഇയാള്‍ എവിടെ പോയി കിടക്കുകയാണ് എന്നും തുടര്‍ന്ന് ഒരു അസഭ്യ വാക്കും സുധാകരന്‍ പറഞ്ഞത്. ഏകദേശം 11 മണിയോടെയാണ് സതീശന്‍ എത്തിയത്.
പ്രസിഡന്റിന്റെ അതൃപ്തി മനസിലാക്കിയ സതീശന്‍ 11.05നല്ലേ വാര്‍ത്താ സമ്മേളനം എന്ന് പറയുന്നുണ്ട്. ഒരു ചെസ് ടൂര്‍ണമെന്റില്‍ ആശംസ അറിയിക്കാന്‍ പോയത് കാരണമാണ് വൈകിയതെന്ന് വി ഡി സതീശന്‍ സുധാകരനോട് പറഞ്ഞു.
അതേസമയം താനും സതീശനും തമ്മില്‍ ജ്യേഷ്ഠാനുജ ബന്ധമാണെന്നും തനിക്കെതിരെ എ ഐ സി സിക്ക് പരാതി ആരും നല്‍കിയിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക