സംരക്ഷിത വനങ്ങളിലും സമീപത്തും വര്‍ദ്ധിച്ചുവരുന്ന മനുഷ്യസാന്നിദ്ധ്യവും അതിവേഗം മാറുന്ന ജീവിതരീതികളും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. വനമേഖലകളില്‍ മനുഷ്യവാസം കൂടിയതോടെ സഹജീവനത്തിന്റെ ശീലങ്ങള്‍ സമൂഹത്തില്‍ നിന്നുമകന്നു. ഇത് വന്യമൃഗങ്ങളെ മാത്രമല്ല, വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഗോത്രസമൂഹങ്ങളെയും പ്രതിസന്ധിയിലാക്കി. വനമേഖലകളോടുചേര്‍ന്നുള്ള കന്നുകാലി മേയ്‌ക്കലാണ് വന്യജീവി സംഘര്‍ഷത്തിന് മറ്റൊരു കാരണം. കന്നുകാലികളെ കാട്ടിനുള്ളില്‍ മേയ്‌ക്കുന്നത് പതിവാണ്. ഇത് വനസസ്യങ്ങളുടെ സമ്പൂര്‍ണ്ണ നാശത്തിനു കാരണമായിട്ടുണ്ട്.
വിനോദസഞ്ചാരം
ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ടുള്ള കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് പശ്ചിമഘട്ട മേഖലകളിലാണ്. സംരക്ഷിത വനവുമായോ വനാതിര്‍ത്തികളുമായോ പലവിധത്തിലും വിനോദസഞ്ചാരം ബന്ധപ്പെട്ടു കിടക്കുന്നു. വനപ്രദേശങ്ങളിലെല്ലാം സഞ്ചാരികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ്. പരിസ്ഥിതി ലോലമായ പ്രദേശങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ ജനക്കൂട്ടം ഇപ്പോള്‍ ഇവിടങ്ങളില്‍ എത്തുന്നുണ്ട്.
കാട്ടിനുള്ളിലേക്കുള്ള സഞ്ചാരികളുടെ കടന്നുകയറല്‍ വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുകയാണ്. വാഹനങ്ങള്‍ കാരണമുണ്ടാകുന്ന മലിനീകരണം, വനപാതകളിലൂടെയുള്ള ക്രമാതീതമായ വാഹനസഞ്ചാരം, വാഹനാപകടം മൂലമുള്ള മൃഗമരണങ്ങള്‍ എന്നിവയും വര്‍ദ്ധിക്കുന്നു. പെരുകുന്ന റിസോര്‍ട്ടുകളും കാടിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു. മൂന്നാര്‍ പോലെയുള്ള മേഖലകളില്‍ റിസോര്‍ട്ട് വ്യവസായം വളര്‍ച്ച പ്രാപിച്ചതിന്റെ ഫലമായുണ്ടായ പാരിസ്ഥിതിക ദുരന്തങ്ങളും അതുവഴി ശക്തിപ്പെട്ട ഭൂമാഫിയ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും നാം കണ്ടതാണ്.
പരിഹാരമാണോ ഈ പരിഹാരങ്ങള്‍?
മനുഷ്യ-വന്യജീവി സംഘര്‍ഷം പരിമിതപ്പെടുത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കിടങ്ങുനിര്‍മ്മാണം, വൈദ്യുതിവേലി, സൗരോര്‍ജ വേലി, മതിലുകെട്ടല്‍ തുടങ്ങിയ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും സംഘര്‍ഷം ലഘൂകരിക്കാന്‍ ഇവ പര്യാപ്തമല്ല. ആനയെ പ്രതിരോധിക്കാനാണ് കിടങ്ങ്. അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ പരീക്ഷിച്ച് ഇതു പരാജയപ്പെടുകയാണ്.
വൈദ്യുതി വേലി കെട്ടി കൃഷിയിടവും പുരയിടവും സംരക്ഷിക്കുന്ന രീതിയാണിത്. നിശ്ചിത അളവിലുള്ള വൈദ്യുതി കമ്പിവേലികളിലൂടെ സദാ പ്രസരിക്കും. മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ജീവികള്‍ക്ക് ഷോക്കേല്‍ക്കുമ്പോള്‍ ആ ശ്രമം ഉപേക്ഷിച്ച് അവ പിന്തിരിഞ്ഞ് പോകും. വേലികളില്‍ തട്ടിയാല്‍ ഷോക്കേല്‍ക്കുമെന്ന ഭീതി പല മൃഗങ്ങളെയും കൃഷിയിടങ്ങളില്‍നിന്നും അകറ്റും. പക്ഷെ കമ്പിവേലികളിലെ പ്രസരണനഷ്ടം കാലക്രമേണ ഈ രീതിയെ ദുര്‍ബലപ്പെടുത്തി. സാമ്പത്തിക ശേഷിയുള്ളവര്‍ അവരുടെ കൃഷിയിടങ്ങള്‍ (റിസോര്‍ട്ടും) കൃത്യമായി സംരക്ഷിക്കുമ്പോള്‍ സഞ്ചാരപാത നഷ്ടപ്പെടുന്ന വന്യമൃഗങ്ങള്‍ സമീപത്തുള്ള ഫെന്‍സിംഗ് നടത്താത്ത സ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. പതിവ് സഞ്ചാരപാത നഷ്ടപ്പെട്ടതിനാല്‍ മറ്റ് വഴികളിലൂടെ പോകേണ്ടിവരുന്ന ആന പോലെയുള്ളവ കൂടുതല്‍ പരിഭ്രാന്തരാകും. അതിനാല്‍ അക്രമസ്വഭാവം കാണിക്കും. ആറളം, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങളില്‍ വനവാസികളെ പുനരധിവസിപ്പിച്ചിട്ടുള്ള ഭൂമിയില്‍ കാട്ടാനകളുടെ ആക്രമണം പതിവാകുന്നതിനുള്ള കാരണം ഇതാണ്.
പുതിയ പരീക്ഷണങ്ങള്‍
പ്രധാനപ്പെട്ട ഒന്നാണ് റാപ്പിഡ് റസ്‌പോണ്‍സ് ടീം. കുരങ്ങ്, പാമ്പ്, ആന തുടങ്ങിയ ജീവികളെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സജ്ജീകരിച്ചിട്ടുള്ള സംഘമാണ് റാപ്പിഡ് റെസ്‌പ്പോണ്‍സ് ടീം. പേരുപോലെ തന്നെ വന്യജീവികളുടെ ആക്രമണമുണ്ടാകുമ്പോള്‍ ദ്രുതഗതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള സംഘമാണിത്. ജനങ്ങള്‍ അവരുടേതായ മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്ന പല ആദിവാസി സമൂഹങ്ങളെയും സംബന്ധിച്ച് ഇത്തരം രീതികള്‍ തലമുറകളായി കൈമാറിവന്നതാണ്. ചെണ്ടയില്‍ കൊട്ടി ശബ്ദമുണ്ടാക്കുക, പടക്കം പൊട്ടിക്കുക, തീയിടുക തുടങ്ങിയ രീതികളാണ് മിക്കയിടങ്ങളിലും പിന്തുടരുന്നത്. ഏറുമാടങ്ങള്‍ കെട്ടി മൃഗങ്ങളുടെ പോക്കുവരവുകള്‍ നിരീക്ഷിക്കുന്നു. ചിലയിടങ്ങളില്‍ സ്വകാര്യവ്യക്തികള്‍ കൂലിക്ക് കാവല്‍പ്പടയെ നിര്‍ത്തി അവരുടെ കൃഷിസ്ഥലങ്ങള്‍ വന്യജീവികളില്‍ നിന്നും സംരക്ഷിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ മൃഗങ്ങളെ വിരട്ടിയോടിക്കുന്നതിന് ഉപയോഗിക്കുന്നതുവഴി പരിഭ്രാന്തരാകുന്ന ജീവികള്‍ കൂടുതല്‍ അക്രമങ്ങളിലേക്ക് പോകും.
വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നാശനഷ്ടം സംഭവിക്കുന്ന വസ്തുവകകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്ന വനംവകുപ്പിന്റെ നടപടി സ്വാഗതാര്‍ഹമാണ്, ഒപ്പം വിമര്‍ശനാത്മകവും. കാടിറങ്ങുന്ന മൃഗങ്ങളെ തുരത്താനുപയോഗിക്കുന്ന മാര്‍ഗങ്ങള്‍ വലിയ ദുരന്തങ്ങളായി. കൃഷി നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന വന്യജീവികളെ ഉന്മൂലനം ചെയ്യണമെന്ന നിലപാട് ശരിയല്ല. ശല്യത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. വന്യമൃഗങ്ങള്‍ ഇഷ്ടപ്പെടാത്ത സസ്യങ്ങള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ നട്ടുവളര്‍ത്തുന്നതുള്‍പ്പെടെയുള്ള ജൈവീക രീതികള്‍ അവലംബിക്കാം. വനമേഖലയെയും മൃഗസംരക്ഷണ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ആനകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്ന ഇടനാഴി നിര്‍മിക്കാം. എന്നാല്‍, എങ്ങുമെത്താതെ പോകുകയാണ് ഇത്തരം പദ്ധതികള്‍.
ജീവികളോട് മനുഷ്യര്‍ ചെയ്യുന്നത് പുറം ലോകം അറിയുന്നില്ല. പുറത്തറിഞ്ഞും അറിയാതെയും മൃഗങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്. ജീവികളെ അപകടപ്പെടുത്തുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതിന് മൗനമായി കൂട്ടുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എല്ലാം തരുമെന്ന ജനങ്ങളുടെ ചിന്ത മാറണം. കര്‍ഷക കൂട്ടായ്മകളുണ്ട്, ജനജാഗ്രതാ സമിതികളുണ്ട്. അവര്‍ ചേര്‍ന്ന് വനം വകുപ്പ് ചെയ്തിട്ടുള്ള ഫെന്‍സിങ് പോലുള്ള കാര്യങ്ങളുടെ മെയിന്റനന്‍സ് കൃത്യമായി നടപ്പാക്കണം. പ്രശ്‌നം പരിമിതപ്പെടുത്താന്‍ കര്‍ഷകരുടെ കൂടി സഹകരണം ആവശ്യമാണ്. ആന കൊല്ലപ്പെട്ടപ്പോള്‍ പോലും, പന്നിക്ക് വച്ചത് ആന കഴിച്ചു എന്നാണ് പലരും പറഞ്ഞത്. പന്നിയ്‌ക്ക് വച്ചതാണെങ്കിലും അത് നിയമപരമായി കുറ്റമാണ്. മൃഗങ്ങളെ ഇല്ലാതാക്കുന്ന തരത്തിലേക്ക് അസഹിഷ്ണുത മനുഷ്യര്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്.
ജനങ്ങള്‍, കര്‍ഷക സംഘടനകള്‍, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകള്‍, ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍ എന്നിവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വനംവകുപ്പ് തേടി, പരിഹാരം കാണണം. ആവാസ വ്യവസ്ഥയ്‌ക്ക് മാറ്റങ്ങള്‍ വരുത്താത്ത വിളകള്‍ ഏതെന്ന് മനസ്സിലാക്കി അത് കൃഷി ചെയ്യുക എന്നതാണ് ഒരു വഴി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ഒരു സ്ഥലത്തെ ഭൂപ്രകൃതി, സസ്യ-ജന്തുജാലങ്ങള്‍, അവയുടെ ഡെന്‍സിറ്റി, കാലാവസ്ഥ എന്നിവയെല്ലാം പരിശോധിച്ചും കണക്കിലെടുത്തുകൊണ്ടും സുസ്ഥിരമായ കൃഷിരീതികളാണ് അനുവര്‍ത്തിക്കേണ്ടത്. ഗാഡ്ഗില്‍ അവസാനവാക്കല്ല. നിര്‍ദ്ദേശങ്ങളാണ്. അത് അതതുപ്രദേശങ്ങളില്‍ താമസിക്കുന്നവരുമായികൂടി ചര്‍ച്ച ചെയ്ത് ശാസ്ത്രീയമായി പരിശോധിച്ച് നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഗുണം ചെയ്യും. പൈനാപ്പിള്‍ പോലുള്ള കൃഷിയാണ് ഇപ്പോള്‍ കൂടുതലും പേര്‍ ചെയ്യുന്നത്. അത് കാട്ടുജീവികളെ ആകര്‍ഷിക്കാന്‍ ഇടയാക്കും. അതത് പ്രദേശത്തിനിണങ്ങുന്ന വിളകള്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകരും തയ്യാറാവണം.
ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തില്‍നിന്നു മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോള്‍ ജനവാസമേഖലയില്‍ക്കൂടിയാകാം. അത്തരം സ്ഥലങ്ങളില്‍ ഇവയ്‌ക്കു കടന്നുപോകാന്‍ ഇടനാഴികള്‍ സൃഷ്ടിക്കണം. ഓരോ വനത്തേയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. മനുഷ്യനുവേണ്ടി റോഡ് വെട്ടുന്നതുപോലെ മൃഗങ്ങള്‍ക്കും സുരക്ഷിത പാത ഒരുക്കണം. വേനല്‍ക്കാല സാഹചര്യം കണക്കിലെടുക്കുന്ന മാപ്പിംഗ് ആണ് വേണ്ടത്. തോട്ടവനങ്ങള്‍ മുറിച്ചുനീക്കി സ്വാഭാവിക വനം വളരാന്‍ അനുവദിച്ചാല്‍ത്തന്നെ ക്രമേണ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: