ന്യൂദല്‍ഹി/ ബെംഗളൂരു: രാഹുലിന് കോടതികളുടെ പ്രഹരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ കേസിലും ബിജെപി നേതാക്കള്‍ക്കെതിരായി തെറ്റായ പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഝാര്‍ഖണ്ഡ്, കര്‍ണ്ണാടക
കോടതികളുടെ നടപടി രാഹുലിനെതിരായത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ജസ്റ്റിസ് അംബുജ് നാഥ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. വിചാരണ കോടതിയിലെ കേസ് റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേയുള്ള പരാമര്‍ശത്തിനാണ് 2018ല്‍ രാഹുലിന്റെ പേരില്‍ കേസെടുത്തത്. ബിജെപി പ്രവര്‍ത്തകനായ നവീന്‍ ഝായാണ് പരാതിക്കാരന്. ഫെബ്രുവരി 16ന് രാഹുലിന്റെ ഭാഗം കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന മറ്റൊരു കേസില്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതി കഴിഞ്ഞ ദിവസം രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. 2018 ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ വാര്‍ത്താ സമ്മേളനത്തിലുണ്ടായ പരാമര്‍ശത്തിലാണ് ഈ കേസ്. രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനെന്ന് ആക്ഷേപിച്ച രാഹുലിന്റെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ദല്‍ഹി ഹൈക്കോടതി ഡിസംബര്‍ 21ന് തെരഞ്ഞെടുപ്പു കമ്മിഷനോടു നിര്‍ദേശിച്ചിരുന്നു. 2019ല്‍ കര്‍ണാടകയിലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവു വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വയനാട് എംപി രാഹുലിനെ കഴിഞ്ഞ മാര്‍ച്ച് 24ന് ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെയാണ് ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്.
ബിജെപി നേതാക്കള്‍ക്കെതിരേ തെറ്റായ പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് സിറ്റി 42-ാം എസിഎംഎം കോടതി സമന്‍സ് അയച്ചു മാര്‍ച്ച് 28ന് നേതാക്കള്‍ നേരിട്ടു ഹാജരാകാന്‍ ജഡ്ജി ജെ. പ്രീത് ഉത്തരവിട്ടു. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍, ബിജെപിക്കെതിരേ 40 ശതമാനം കമ്മിഷന് അഴിമതി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അഴിമതി ആരോപിച്ച് പത്രങ്ങളില്‍ നിരവധി പരസ്യങ്ങളും കൊടുത്തിരുന്നു. നഗരത്തിലുടനീളം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രങ്ങളുള്ള ‘പേ സിഎം’ പോസ്റ്ററുകള്‍ പതിച്ചു പ്രചാരണവും നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2500 കോടി രൂപയും മന്ത്രി സ്ഥാനത്തേക്ക് 500 കോടി രൂപയും ബിജെപി പിരിച്ചെടുത്തതായി കോണ്‍ഗ്രസ് പുറത്തിറക്കിയ റേറ്റ് കാര്‍ഡില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കര്‍ണാടക ബിജെപി ഘടകം പരാതി നല്‍കുകയായിരുന്നു. വ്യാജ പരസ്യങ്ങള്‍ വഴി ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതായി അഭിഭാഷകന് വിനോദ് കുമാര്‍ വാദിച്ചു.
വാദം കേട്ട ശേഷം, കേസില്‍ മാര്‍ച്ച് 28ന് കോടതിയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാക്കളോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: