Categories: Kerala

ഇടതുപക്ഷത്തെ എതിര്‍ത്താല്‍ അവരെല്ലാം സമനില തെറ്റിയവര്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആദ്യം സമനിലതെറ്റി; ഇപ്പോള്‍ കേരളവിസിയുടെ സമനിലതെറ്റി

Published by

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ സഖാക്കള്‍ക്ക് ഒരു വാക്കുണ്ട്. സമനില തെറ്റിയവര്‍. അങ്ങിനെ തുടര്‍ച്ചയായി വിളിച്ചാല്‍ കേള്‍ക്കുന്നവരും അത് വിശ്വസിച്ച് തുടങ്ങും. അത് വെച്ച് സമനില തെറ്റിയവരെ പിന്നീട് സഖാക്കള്‍ കൈകാര്യം ചെയ്യും. ഇതാണ് സ്ഥിരം പരിപാടി.

പക്ഷെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മാത്രം അത് നടന്നില്ല. അദ്ദേഹം എസ് എഫ് ഐക്കാര്‍ കരിങ്കോടി കാട്ടിയപ്പോള്‍ വണ്ടി തുറന്ന് പുറത്തിറങ്ങി അതിനെ വെല്ലുവിളിച്ചപ്പോള്‍ മുതലാണ് ആരിഫ് മുഹമ്മദ് ഖാന് സമനില തെറ്റിയെന്ന് സഖാക്കള്‍ പറഞ്ഞു തുടങ്ങിയത്. ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെ. പിന്നാലെ മറ്റ് സഖാക്കള്‍ അത് ഏറ്റുപറയാനും തുടങ്ങി. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ തുടര്‍ച്ചയായി കരിങ്കൊടി വീശുന്നവര്‍ക്കെതിരെ കാര്‍ നിര്‍ത്തി ക്ഷുഭിതനായി ഇറങ്ങിച്ചെല്ലുകയാണ്. മാത്രമല്ല, പ്രതിഷേധക്കാര്‍ ഉള്ളിടത്ത് മാര്‍ച്ച് നടത്തുന്നതും അദ്ദേഹം പതിവാക്കി. അതിന്റെ ഭാഗമായാണ് കോഴിക്കോട് ഈയിടെ മിഠായിതെരുവിലൂടെ നടന്നത്. കൊല്ലത്തും അദ്ദേഹം നടന്നു. ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാനെ സമനില തെറ്റിയവന്‍ എന്ന് വിളിച്ചിട്ട് വലിയ പ്രയോജനമൊന്നുമില്ലെന്ന് സഖാക്കള്‍ മനസ്സിലാക്കിതുടങ്ങിയിരിക്കുന്നു. ദീര്‍ഘകാലം രാഷ്‌ട്രീയത്തില്‍ ചെറിയ നിലകള്‍ തൊട്ട് കേന്ദ്രമന്ത്രിസ്ഥാനം വരെ ഉയര്‍ന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഷാബാനു കേസില്‍ മുസ്ലിം ന്യൂനപക്ഷ പ്രീണനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച വ്യക്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിയമവിരുദ്ധമായി അധ്യക്ഷ പദവി വഹിച്ചതോടെ അതിനെതിരെ ഗവര്‍ണറും വിസി മോഹന്‍ കുന്നുമ്മലും തിരിഞ്ഞിരുന്നു. മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചത് നിയമലംഘനമാണെന്ന് മോഹന്‍ കുന്നുമ്മല്‍ തുറന്നടിച്ചിരുന്നു. ഇതോടെ ഇപ്പോള്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഇടതുപക്ഷക്കാര്‍ വിസി മോഹന്‍ കുന്നുമ്മലിനും സ്ഥിരം പട്ടം ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ്- സമനിലതെറ്റിയവന്‍. വിസിയ്‌ക്ക് സമനില തെറ്റിയിരിക്കുന്നു എന്നാണ് വെള്ളിയാഴ്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക