ന്യൂദല്‍ഹി: വിദേശ വിനിമയചട്ടം ലംഘിച്ചെന്ന് (ഫെമ) ആരോപിച്ച ഇ ഡി നടപടിക്ക് പിന്നാലെ ബൈജൂസില്‍ നിക്ഷേപം നടത്തിയവര്‍ അസാധാരണ പൊതുയോഗം(ഇജിഎം) വിളിച്ചുചേര്‍ത്തു. കമ്പനി സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രന്റേയും കുടുംബത്തിന്റെയും ദുര്‍ഭരണമാണ് കമ്പനിയുടെ തകര്‍ച്ചക്ക് പിന്നിലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍.
ഇജിഎമ്മില്‍ ബൈജുവിനെ സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കുന്നതിനായി നിക്ഷേപകര്‍ പ്രമേയവും പാസാക്കി. കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണം ബൈജു രവീന്ദ്രന്റെ കുത്തഴിഞ്ഞ നടപടികളാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
ഇജിഎമ്മില്‍ പങ്കെടുക്കില്ലെന്ന് ബൈജുവും ബോര്‍ഡ് അംഗങ്ങളും നേരത്തെ അറിയിച്ചിരുന്നു. ഇജിഎം നടത്താനുള്ള നിക്ഷേപകരുടെ നീക്കം കമ്പനിയുമായുള്ള കരാര്‍ ലംഘനമാണ്, അതിന് നിയമസാധുതയില്ലെന്നാണ് ബൈജു രവീന്ദ്രന് അറിയിച്ചത്. അതിനിടെ ഇജിഎം തടസപ്പെടുത്താന്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടായി.
ബൈജൂസില്‍ ദുര്‍ഭരണമാണ് ബൈജു രവീന്ദ്രനും സംഘവും ചേര്‍ന്ന് നടത്തിയതെന്ന് ആരോപിച്ച് നാല് നിക്ഷേപകര്‍ ബെംഗളൂരിവിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ പരാതിയും നല്കി.
ബൈജു രവീന്ദ്രന് കമ്പനി നടത്താനുള്ള കഴിവില്ലെന്നും പുതിയ ബോര്‍ഡിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന് ദുബായിയിലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ കഴിഞ്ഞ ദിവസമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ ഡി ആവശ്യപ്പെട്ടത്. എന്നാല്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ ബൈജു രവീന്ദ്രന് ദുബായിയിലേക്ക് കടന്നെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: