കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അഞ്ച് ഡി വൈ എസ് പി മാർ ഉൾപ്പടെ ആയിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
മഫ്ടിയിലും പോലീസുകാരുണ്ട്. സ്ഥിരം കുറ്റവാളികൾ നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിലും പരിസരത്തുമായി എമ്പതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്തർക്ക് വടക്കേ പൂരപ്പറമ്പ് വഴിയും, പടിഞ്ഞാറേ നടവഴിയും ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗതാഗതക്രമീകരണം
മുളന്തുരുത്തി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് മുൻവശത്തേക്കുള്ള റോഡിൽ പ്രവേശിക്കാതെ റോഡിന്റെ ഇടതു വശം ചേർന്ന് ബൈപ്പാസ് റോഡു വഴി തിരിഞ്ഞ് കോട്ടയത്തു പാറ ഭാഗത്തേക്ക് പോകേണ്ടതാണ്.
തിരുവാങ്കുളം കുരീക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡിൽ പ്രവേശിക്കാതെ റോഡിന്റെ വലതുവശം തിരിഞ്ഞ് ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.
വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എം.എൽ.എ റോഡിലൂടെ മെയിൻ വഴിയിൽ പ്രവേശിച്ച് ബൈപ്പാസ് റോഡ് കൂടി പോകേണ്ടതാണ്.
ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽക്കൂടി ഗതാഗതം അനുവദിക്കുന്നതല്ല. ദർശനത്തിനായി എത്തുന്നവരുടെ ചെറിയ വാഹനങ്ങൾ ചോറ്റാനിക്കര സ്ക്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഭീമാ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതും, വലിയ വാഹനങ്ങൾ പഞ്ചായത്ത് വക പാർക്കിംഗ് ഗ്രൗണ്ടിലും, ടാറ്റാ ആശുപത്രികഴിഞ്ഞുള്ള വീതിയേറിയ റോഡിന്റെ കിഴക്ക് സൈഡിലും പാർക്ക് ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: