ആലുവ : റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ. കുഞ്ചാട്ടുകരയിൽ വാടകയ്‌ക്ക് താമസിയ്‌ക്കുന്ന എടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനിൽ (42) എന്നിവരെയാണ് തടയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് പുക്കാട്ട് പടി സ്വദേശി സജീറിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് ഇവർ തട്ടിയത്. അറ്റന്റർ ജോലിയാണ് സംഘം ശരിയാക്കാമെന്ന് പറഞ്ഞത്. മൂന്നു തവണയായി പണം വാങ്ങിയ ശേഷം റയിൽവേയുടെ വ്യാജ ലറ്റർ പാഡ് നിർമ്മിച്ച് അതിൽ അപ്പോയ്‌മെന്റ് ഓഡറും തയ്യാറാക്കി നൽകി.
അങ്കമാലി റയിൽവേ സ്റ്റേഷനിൽ ജോയിൻ ചെയ്യാനുള്ള അറിയിപ്പാണ് അതിൽ രേഖപ്പെടുത്തിയിരുന്നത്. യുവാവ് റയിൽവേയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് തടിയിട്ട പറമ്പ് സ്റ്റേഷനിൽ പരാതി നൽകി. പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്താലാണ് പ്രതികൾ പിടിയിലായത്.
റയിൽവേയുടെ ഉന്നതങ്ങളിൽ പിടിപാടുണ്ടെന്നാണ് സംഘം ഉദ്യോഗാർത്ഥിയോട് പറഞ്ഞിരുന്നത്. ആലുവ റെയിൽവേ സ്റ്റേഷനു സമീപം ഹോം നഴ്സിംഗ് സ്ഥാപനം നടത്തുകയാണ് സഞ്ജു. സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷിനിൽ. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
പെരുമ്പാവൂർ എ.എസ്.പി മോഹിത്ത് റാവത്ത്, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ ആർ. മനോജ് കുമാർ, എസ്.ഐ കെ. ഉണ്ണികൃഷ്ണൻ , സീനിയർ സി പി ഒ കെ.കെ ഷിബു, സി പി ഒ മാരായ ആരിഷാ അലിയാർ സാഹിബ്, വിപിൻ എൽദോസ്, കെ.ആർ വിപിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: