യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യനമസ്തസൈ്യ
നമസ്തസൈ്യ നമോ നമഃ
പ്രപഞ്ചപാലികയും അഖിലാണ്ഡേശ്വരിയും ആദിപരാശക്തിയുമായിട്ടുള്ള ലളിതാംബികയുടെ ശ്രീമൂലസാന്നിധ്യ ശ്രീ ഗര്ഭഗൃഹമത്രേ ശ്രീചക്രം. ഇത് വളരെയധികം പ്രസിദ്ധവും മന്ത്രശക്തി യുക്തവും പവിത്ര സിദ്ധിപൂര്ണ്ണവുമായ യന്ത്ര തന്ത്രമായിട്ടാണ് പൗരാണിക തത്വജ്ഞന്മാര്‍ ആരാധിച്ചിരുന്നത്. വിശ്വപ്രപഞ്ചത്തെ മുഴുവനും തന്നിലാവാഹിച്ച് സദാ കാരുണ്യാനുഗ്രഹം പൊഴിച്ചു കൊണ്ടിരിക്കുന്ന രാധാബ്രഹ്മശക്തിയായ
ശ്രീലളിതാ പരമേശ്വരീ അംബികയുടെ നിത്യ നിവാസ മംഗള പ്രശോഭിത ശിവശക്തി സ്ഥാനമായി ശ്രീചക്രം അറിയപ്പെടുന്നു. ഇത് ശരിക്കും ഉള്‍ക്കൊണ്ട് ശ്രീച്രേകാപാസകനായി തന്റെ ജീവിത ചക്രത്തെ പരമോന്നത ആചാര്യ പരമഹംസവ്രതമാക്കിയ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ ലോകാരാധ്യനായി പരിലസിക്കുന്നു.
വിശേഷിച്ചും ജഗദ്ജനനിയായ ശ്രീലളിതാ പരമേശ്വരിയുടെ സമ്പൂര്‍ണ്ണ ആകാരരൂപശക്തിയുടെ ഇരിപ്പിടമായിട്ടാണ് ശ്രീചക്രത്തെ വാഴ്ത്തപ്പെടുന്നത്. മാത്രമല്ല ശ്രീചക്രത്തിലെ ബിന്ദു മണ്ഡലത്തില്‍ തന്റെ കാലിലെ തള്ളവിരല്‍ ഊന്നിയാണ് ദേവി, ദര്‍ശനം നല്‍കുന്നത.് ഇക്കാരണത്താല്‍ ചക്രഗണത്തില് ഇതിന്റെ മഹത്വമറിഞ്ഞ് ചക്രരാജന്‍ എന്ന ദിവ്യനാമത്തിലും ഇതിനെ പ്രകീര്ത്തിക്കുന്നുണ്ട.്
ശ്രീ ലളിതാംബികയുടെ പ്രതിബിംബഭാവത്തിലാണ് ഭക്തജനങ്ങള്‍ ശ്രീചക്രപൂജ നടത്തിയിരുന്നത്, നടത്തുന്നതും നടത്തേണ്ടതും എന്നത് പ്രത്യേകത തന്നെയാണ്. ശരിക്കുള്ള ആചാരവിധി പ്രകാരമേ ശ്രീചക്ര പൂജ ചെയ്യാന്‍ പാടുള്ളൂ. കാരണം ശിവശക്തി സഞ്ജയബീജാക്ഷര ഗണ പ്രാണപ്രതിഷ്ഠാ ഭാവത്തിലാണ് ശ്രീചക്രത്തിന്റെ നിര്‍മ്മാണ വൈഭവം.
വാഗര്‍ത്ഥാ വിവ സംപൃക്തൗ
വാഗര്‍ഥ പ്രതിപത്തയേ
ജഗത പിതരോ വന്ദേ
പാര്‍വതി പരമേശ്വരൗ
ശിവശക്തി പ്രഭാവങ്ങളുടെ ഏകീകൃത ദിവ്യശരീര ഭാവനയിലുള്ളതാണ് ശ്രീചക്രം. ‘ശ്രീചക്രം ശിവോര് വപുഃ’ എന്നത് ഇതിനെ അര്‍ത്ഥവത്താക്കുന്നു. ശ്രീ എന്നത് ലക്ഷ്മീദേവിയേയും ഐശ്വര്യത്തെയും കൂടി പ്രതിപാദിക്കുന്നു. ദേവിയുടെ പുരികക്കൊടികളുടെ ചലനത്തിലാണ് ശ്രീചക്രത്തിന്റെ മൂല്യം നിലകൊള്ളുന്നത.് സകലവിധ മംഗളദായകം ആണ് ശ്രീചക്രപൂജ.
യദാസാ പരമാശക്തിഃ
സ്വച്ഛയാ വിശ്വരൂപിണം
സ്പുരത്താമാത്മനഃ
പശ്യയേത്തദാ ചക്രസ്യസംഭവഃ
ജഗദ്പരിപാലികയായ പരാശക്തി സ്വന്തം ഇച്ഛയാല്‍ എപ്പോള്‍ ഈ വിശ്വത്തെ തന്റെ രൂപഭാവത്തില്‍ പ്രകൃതിയുടെ സ്പന്ദനത്തെ നിരീക്ഷിച്ചുവോ അപ്പോള്‍ ശ്രീചക്രം പ്രകടമായി എന്നാണ് പൗരാണിക ബുദ്ധമതം പറയുന്നത്.
ശ്രീചക്രത്തിന്റെ മഹത്വമറിയാന്‍…
ചക്രരാജന്‍, നവചക്രം, നവയോനിചക്രം, വിയത് ചക്രം, മാതൃകാചക്രം, ത്രിപരിത്വാരിംശത്കോണം എന്നീ പേരുകളിലും ശ്രീചക്രം അറിയപ്പെടുന്നു.
ആദ്യത്തെ ത്രികോണം, അഷ്ടകോണത്തിലെ എട്ടുകോണങ്ങള്, അകത്തും പുറത്തുമായി കാണുന്ന രണ്ടു ദശാരങ്ങളുടെ ഇരുപത് കോണങ്ങള്‍. പതിനാലു മൂലകളിലായി കാണുന്ന പതിനാലു ത്രികോണങ്ങള്‍ ഇവയെല്ലാം കൂടി ചേരുമ്പോള്‍ നാല്പത്തിമൂന്ന് ത്രികോണങ്ങള്‍ വരുന്നതിനാലാണ് ശ്രീചക്രം ത്രിപതാരിംശത്കോണം എന്നറിയപ്പെടുന്നത്. ആദിശങ്കരാചാര്യരുടെ മതാനുസരണം സൗന്ദര്യലഹരിയില്‍ ബിന്ദുവിനെയും ചേര്‍ത്ത് നാല്പത്തിനാല് കോണങ്ങളുള്ളതായി സ്തുതിച്ചിരിക്കുന്നു.
സകലവിധ ദൈവികശക്തികളുടെയും സാന്നിധ്യശക്തി പ്രഭയുടെ പ്രജ്ജ്വലിത ഭാവവൈഭവത്താല് ശ്രീചക്രത്തിന്റെ മഹത്വം അകഥനീയവും അലിഖിതവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതുമാണ്. എന്നാല്‍ ഗുരു കാരുണ്യമുണ്ടെങ്കില്‍ എല്ലാ ദൈവിക ചൈതന്യവും ഇതില്‍ തെളിഞ്ഞ് ജ്യോതിസ്വരൂപത്തില്‍ ദര്‍ശിക്കുവാന്‍ കഴിയും. ബ്രഹ്മാണ്ഡപുരാണമനുസരിച്ച് നോക്കുമ്പോള്‍ തന്നെ ഗൂഢാത്ഗൂഢതരവും അത്യന്തം രഹസ്യതരവുമായ ഉമാമഹേശ്വര ഹൃദയത്തിന്റെ തുടിപ്പ് അടങ്ങിയിരിക്കുന്ന ശ്രീചക്രത്തിന്റെ മഹത്ത്വം, ശ്രീചക്രരാജസിംഹാസനേശ്വരിയായ ലളിതാംബികയ്ക്ക് മാത്രമേ അറിയുവാന്‍ കഴിയൂ.
എന്തിനേറെ, ശ്രീചക്രപൂജാഫലം, ചക്രാധിഷ്ഠാന ദേവതയായ പരമേശ്വരിക്ക് മാത്രം അറിയാവുന്ന ലീലാരഹസ്യമാണ്. ‘ശിവശക്ത്യാത്മകം വിദ്ധി ജഗത്ദേവതച്ചരാചരം’ എന്നു ‘കാമികാഗമ’ പ്രസ്താവനയനുസരിച്ചും ശിവശക്തികേളീനടനരംഗമാണ് വിശ്വപ്രപഞ്ചമെന്നത് ശ്രദ്ധേയമാണ്.
ശ്രീചക്രത്തില്‍ കാണുന്ന ഒന്‍പത് മുഖ്യചക്രങ്ങള്‍: തൈലോക്യ മോഹനചക്രം, സര്വാശപരിപൂരകചക്രം, സര്‍വസംക്ഷോഭണ ചക്രം, സര്വസൗഭ്യാഗ്യദായക ചക്രം, സര്വാര്ഥസാധകചക്രം, സര്വരക്ഷാകരചക്രം, സര്വരോഗഹരണചക്രം, സര്വസിദ്ധിപ്രദാചക്രം, സര്‍വാനന്ദമയചക്രം. മാനവശരീരത്തിലെ ഷഡാധാര ചക്രങ്ങളും മനസ്സ്, ബുദ്ധി, പ്രാണന്, എന്നിവയുടെ സങ്കല്പതത്ത്വവും ഇതില്‍ അതി നിഗൂഢമായി കാണപ്പെടുന്നുണ്ട്.
ശ്രീചക്രത്തിന്റെ മൂര്‍ത്തിമദ്ഭാവമായി, മഹാമേരുചക്രമെന്ന വ്യക്തമായ പൂജാവിഗ്രഹരൂപത്തിലുള്ള ആരാധനാരീതി പ്രചാരത്തിലുണ്ട്. പതിനെട്ട് ശക്തിപീഠങ്ങളുടെയും പ്രഭാവശക്തി ചക്രമേരുവില് അന്തര്‍ലീനമാണ്.
സര്വാനന്ദചക്രത്തിലെ ‘ബിന്ദു’വില്‍ ശ്രീലളിതാപരമേശ്വരി, തന്റെ വല്ലഭനായ ശ്രീശിവശങ്കരനുമായി, പരമാനന്ദ, ബ്രഹ്മാനന്ദ, ആത്മാനന്ദ സമുന്നത ഭാവത്തില്‍ പരിലസിക്കുന്നു. മാത്രമല്ല, സച്ചിദാനന്ദ രൂപത്തില്‍ പുണ്യമുള്ള കണ്ണുകള്‍ക്ക് ദര്‍ശനവും നല്‍കുന്നുണ്ട്. അതിനാല്‍ ശ്രീചക്രപൂജയെന്നത് ഏറ്റവും പ്രാധാന്യമുള്ള ജ്ഞാനയജ്ഞ തപസ്സാണ്. നവചക്രങ്ങള്ക്ക് ഉള്ളില്‍ നവവിധദേവീരൂപസങ്കല്പങ്ങളാണ് തെളിയുന്നത്. ശ്രീചക്രം മുഴുവനും ദേവിയുടെ ബീജാക്ഷരങ്ങളാല് അലംകൃതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: