കൊച്ചി: വാര്‍ഷിക പൊതുപരീക്ഷയ്ക്ക് തൊട്ടുമുമ്പ് സംസ്ഥാനത്ത് മാനദണ്ഡം ലംഘിച്ച് നടത്തിയ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. നിലവിലെ സ്ഥലമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്കുളുകളില് ചേര്‍ന്ന അദ്ധ്യാപകരൊഴികെയുള്ളവര് മുന്‍ ഉത്തരവ് പ്രകാരം ഇനി ജോയിന്‍ ചെയ്യരുതെന്നും തല്‍സ്ഥിതി തുടരണമെന്നും ഉത്തരവ് പറയുന്നു.
എന്നാല്‍ അനുകമ്പാര്‍ഹരായ അദ്ധ്യാപകരുടേയും, മറ്റ് മുന്‍ഗണനാ വിഭാഗത്തിലെ അദ്ധ്യാപകരെയും, റിട്ടയര്‍മെന്റ് ലിസ്റ്റിലുള്ളവരെയും ഈ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്ത് ദിവസത്തിനകം എല്ലാ സ്റ്റേഷനിലും ഔട്ട് സ്റ്റേഷന് വെയ്റ്റേജ് പരിഗണിച്ച് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് നടത്തിയ സ്ഥാലംമാറ്റം വന്‍ വിവാദമായിരുന്നു. അദ്ധ്യാപകര്‍ക്ക് പരീക്ഷാ ഡ്യൂട്ടി നിശ്ചയിച്ചിരുന്ന സാഹചര്യത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്കുളില്‍ നിന്ന് ഓപ്ഷന് നല്കിയ സ്ഥാപനത്തില്‍ തന്നെ പരീക്ഷാ ഡ്യൂട്ടി ചെയ്യാമെന്നും ഡയറക്ടറേറ്റില്‍ നിന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹോം സ്റ്റേഷന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ട്രൈബ്യൂണല്‍ നല്കിയ ഉത്തരവ് പരിഗണിക്കാതെ തന്നെ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു.
സ്ഥലംമാറ്റത്തിന് മുന്‍ഗണന ഔട്ട്സ്റ്റേഷന് സര്‍വീസിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ആയിരിക്കണമെന്ന് വ്യക്തമാക്കിയാണ് ട്രൈബ്യൂണല്‍ മുമ്പ് ഉത്തരവ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഡയറക്ടറേറ്റ് പരിഗണിച്ചില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ഓപ്ഷനിലും മുന്‍ഗണന നല്‍കേണ്ടത് ഔട്ട് സ്റ്റേഷന് സര്‍വീസിനാണ് എന്ന വാദം കോടതി അംഗീകരിച്ചിരുന്നു.
ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ നിലവിലെ ലിസ്റ്റില്‍ വലിയ തരത്തിലുള്ള വ്യത്യാസം വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ഉടന്‍ നടക്കേണ്ട സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: