സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ദേവീക്ഷേത്രം. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് ഇനി മൂന്ന് നാൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇക്കുറി ഫെബ്രുവരി 24 ഞായറാഴ്ച നടക്കും. ക്ഷേത്രോത്സവം ആരംഭിച്ച് ഒമ്പതാം ദിനമാണ് ഭക്തർ ആറ്റുകാലമ്മയ്‌ക്കായി പൊങ്കാല നിവേദിക്കുന്നത്.
പൊങ്കാല പ്രധാനമായും മൺകലത്തിലാണ് നിവേദിക്കുന്നത്. ഇതിന് പിന്നിലും ഒരു ഐതീഹ്യമുണ്ടത്രെ. മൺകലത്തിൽ പൊങ്കാലയിട്ടാൽ മാത്രമെ ആറ്റുകാലമ്മയ്‌ക്ക് ഇഷ്ടപ്രസാദമായി മാറുകയുള്ളുവെന്നാണ് വിശ്വാസം. മൺകലവും അരിയും പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഇതിനൊപ്പം ജലം, അഗ്‌നി, വായു, ആകാശം എന്നിവ കൂടി ഉൾപ്പെടുന്നതോടെ പൊങ്കാല അർപ്പിക്കുന്ന ഭക്തജനങ്ങൾക്ക് ആറ്റുകാലമ്മയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
മൺകലത്തിനൊപ്പം തന്നെ പൊങ്കാലയിടുമ്പോൾ ചിരട്ട തവിയും ഉപയോഗിക്കാറുണ്ട്. പൊങ്കാല സമർപ്പണത്തിന് മു്ന്നോടിയായി അനുവാദം ചോദിക്കാൻ എന്ന വിശ്വാസത്തിലാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്. പൊങ്കാല തിളച്ചു തൂവുന്നത് വരാനിരിക്കുന്ന അഭിവൃദ്ധികളെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിശ്വാസം. കിഴക്കോട്ട് പൊങ്കാല തൂവിയാൽ അത്യുത്തമം എന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: