വാഹനങ്ങൾക്ക് താത്കാലിക നമ്പർ ഘടിപ്പിച്ച് പുറത്തിറക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ ഇത് ബോർഡുകളിൽ തന്നെ വ്യക്തമാക്കിയിരിക്കണമെന്ന് എംവിഡി കഴിഞ്ഞ ദിവസം നിർദ്ദേശം പങ്കുവച്ചിരുന്നു.പുതിയ വാഹനങ്ങളിൽ പേപ്പറുകളിലും സ്റ്റിക്കറുകളിലുമായി നമ്പറുകൾ എഴുതി ഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി.
ഇപ്പോഴിതാ താത്കാലിക നമ്പർ സംബന്ധിച്ച് കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എംവിഡി. താത്കാലിക നമ്പർ അല്ലെങ്കിൽ പെർമനന്റ് നമ്പർ ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കരുതെന്നാണ് നിയമം. പെർമനന്റ് നമ്പറുകളെ അപേക്ഷിച്ച് നിരവധി അക്കങ്ങളും അക്ഷരങ്ങളും നിറഞ്ഞതാണ് താത്കാലിക നമ്പർ പ്ലേറ്റുകൾ. എന്നാൽ ഇത് സംബന്ധിച്ച് നമ്മളിൽ പലർക്കും കൃത്യമായ ധാരണയുണ്ടാകില്ല. താത്കാലിക നമ്പർ പ്ലേറ്റിലുള്ള ഓരോ അക്കത്തിനും അക്ഷരത്തിനും കൃത്യമായ അർത്ഥങ്ങളുണ്ടെന്നും ഇവ ഓരോ കാര്യത്തെ സൂചിപ്പിക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കി.
നമ്പർ പ്ലേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും എന്തിനെയെല്ലാമാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം…
നമ്പറിന്റെ തുടക്കത്തിൽ നൽകിയിട്ടുള്ള T എന്ന അക്ഷരം താത്കാലികം അഥവാ ടെംപററി എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇതിന് ശേഷമുള്ള നാല് അക്കങ്ങളിൽ ആദ്യത്തേത് താത്കാലിക നമ്പർ അനുവദിച്ച മാസത്തെയും പിന്നെയുള്ള രണ്ടക്കം ഇഷ്യൂ ചെയ്ത വർഷത്തെയും സൂചിപ്പിക്കുന്നു. അവസാനം നമ്പർ അനുവദിച്ച സംസ്ഥാനത്തിന്റെ കോഡാണ് നൽകുന്നത്.
ഇതിന് പിന്നാലെ നൽകുന്ന നാല് അക്കങ്ങളാണ് താത്കാലിക നമ്പർ. രജിസ്ട്രേഷന്റെ സീരിയൽ നമ്പറാകും നൽകുക. ഏറ്റവും ഒടുവിൽ ഒരു ഇംഗ്ലീഷ് അക്ഷരമാകും ഉണ്ടായിരിക്കുക. ഇത് താത്കാലിക നമ്പറിന്റെ സീരിസിനെയാണ് വ്യക്തമാക്കുന്നത്. ഇവയിൽ O,I എന്നിവ ഒഴികെ മറ്റ് അക്ഷരങ്ങൾ ഉപയോഗിക്കാം എന്നാണ് എംവിഡി നൽകുന്ന നിർദ്ദേശം. മഞ്ഞ നിറത്തിലുള്ള ബോർഡിൽ ചുവന്ന അക്ഷരത്തിലാണ് താത്കാലിക നമ്പർ പ്ലേറ്റ് നൽകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: