ഭാരതത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ കേരളവും ദല്‍ഹിയുമാണ്. എന്നാല്‍ ദല്‍ഹിയുടെ അതിര്‍ത്ത പ്രദേശം മുഴുവന്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ വലിയ ഹബ്ബുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാല എന്തുകൊണ്ടാണ് തുടങ്ങാതിരുന്നത് എന്ന ചോദ്യത്തിന് ഇടതുപക്ഷത്തെ പേടിച്ചിട്ട് എന്ന് മാത്രമാണ് ഉത്തരം! സ്വകാര്യ സര്‍വ്വകലാശാലകള്‍ തെറ്റാണ് എന്ന ഒരു ആഖ്യാനമാണ് കേരളത്തില്‍ ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വകാര്യം എന്നു പറഞ്ഞാല്‍ എല്ലാവരും പണക്കൊതിയന്‍മാര്‍, ചൂഷകര്‍, കോര്‍പ്പറേറ്റ് മുതലാളി… എന്നൊക്കെ പറയും. എന്നാല്‍ ഇടത് പാര്‍ട്ടികളും സര്‍ക്കാറും കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളെ എതിര്‍ത്തു കൊണ്ടിരുന്നത് വിദേശ മൂലധനത്തോടോ സ്വകാര്യ മൂലധനത്തോടോ ഉള്ള താത്വികമായ വിയോജിപ്പുകൊണ്ടൊന്നുമല്ല. സ്വകാര്യസ്വത്ത് അഥവാ മൂലധനം ഇല്ലായ്മ ചെയ്യലാണ് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് സിദ്ധാന്തമെങ്കിലും അതില്‍ നിന്നും എത്രയോ കാലമായി പാര്‍ട്ടിയും വിവിധ രാജ്യങ്ങളിലുള്ള ഭരണ സംവിധാനങ്ങളും വ്യതിചലിച്ചു പോയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപക വിഭാഗം തന്നെ പാര്‍ട്ടിയായി മാറിയിട്ടുണ്ട്.
നയംമാറ്റം രാഷ്‌ട്രീയ തട്ടിപ്പ്
ഇപ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലയെ കുറിച്ച് ചിന്തിക്കുന്നത്, വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തെ സ്വകാര്യ സര്‍വ്വകലാശാല നല്‍കാം എന്ന പേരില്‍ തങ്ങളോടൊപ്പം നിര്‍ത്തി വോട്ട് തട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. അതിനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളുമായി. മാത്രമല്ല, കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെക്കാള്‍ ഭയാനകമായ രീതിയില്‍ കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാല സംവിധാനത്തില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്ഥാപനങ്ങള്‍ക്ക് സ്വയം വളരാനും വികസിക്കാനും സ്വയം ഭരണ സ്ഥാപനങ്ങള്‍ ആകാനും അവസരം നല്‍കുന്നു. സംസ്ഥാനം എന്‍ഒസി നല്‍കാതെ വൈകിപ്പിച്ചാല്‍പോലും, അത് പരിഗണിക്കാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമതയും ഗുണനിലവാരവും കണക്കാക്കി സ്വയംഭരണപദവി നല്‍കുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ പല സ്ഥാപനങ്ങളും അത് നേടുകയും ചെയ്തു. ഗുണനിലവാരമുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങളെല്ലാം ഈ വഴിയില്‍ കരുക്കള്‍ നീക്കി. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ഫലവും കേരളത്തില്‍ വരാന്‍ പോകുന്ന വോട്ടിംഗ് പാറ്റേണും അതിനെ ത്വരിതപ്പെടുത്തും. പ്രമുഖ ക്രിസ്ത്യന്‍ സ്ഥാപനങ്ങളും ഒരു വിഭാഗം മുസ്ലിം സ്ഥാപനങ്ങളും അതോടെ കേരള സര്‍ക്കാറിന്റെ രാഷ്‌ട്രീയ ഇടപെടലില്‍ നിന്ന് മോചനം നേടാം എന്ന് കണക്കുകൂട്ടുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സ്വകാര്യ മൂലധന നിക്ഷേപകര്‍ പൂര്‍ണ്ണമായും നിരാശരാണ്. അവര്‍ എങ്ങിനെയെങ്കിലും കേരളത്തിന്റെ ഇടത് സംഘടനകളുടെ നിരാളി പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തക്കം പാര്‍ത്തിരിക്കയാണ്. പുതുതായി തുടങ്ങിയ സര്‍വ്വകലാശാലകള്‍ക്കോ പരമ്പരാഗത സര്‍വകലാശാലകള്‍ക്കോ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും കോഴ്‌സുകള്‍ ആരംഭിക്കുവാനും കഴിഞ്ഞിട്ടില്ല. തുടങ്ങിയ കോഴ്‌സുകള്‍ എല്ലാം തന്നെ സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ കോളേജുകളില്‍ പോലും സ്വാശ്രയ സ്‌കീമില്‍ മാത്രമാണ്. പാര്‍ട്ടി സെല്ലായ സിന്റിക്കേറ്റുകളും അക്കഡമിക് കൗണ്‍സിലുകളും കേന്ദ്ര പദ്ധതികളെ മുഴുവന്‍ അട്ടിമറിച്ചുകൊണ്ടിരിക്കയാണ്.
വിദ്യാഭ്യാസ വികസനത്തിന് പഠനം വേണം
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏതെല്ലാം തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും വേണം എന്നതിനെ കുറിച്ച് ഒരു പഠനം നടത്തിയതിന് ശേഷം മാത്രമാണ് ഏതെല്ലാം കോഴ്‌സുകള്‍ ആരംഭിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഇപ്പോഴത്തെ സൂചന വെച്ച് അടുത്ത സമയത്തൊന്നും വിദേശ വിദ്യാര്‍ഥികള്‍ പോയിട്ട്, സമീപസ്ഥ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ പോലും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നമുക്ക് സാധ്യമല്ല. ആദ്യം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാനുള്ള സൗകര്യവും അവരുടെ ഭാവിക്ക് അനുഗുണമാകുന്ന രീതിയിലുള്ള കോഴ്‌സുകളും നിലവിലുള്ള കോളജുകളിലും സര്‍വ്വകലാശാലകളിലും ആരംഭിക്കുകയാണ് വേണ്ടത്. 40% ത്തിനടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കേരളത്തിലെ യുവാക്കളില്‍ 20% വിദ്യാര്‍ത്ഥികളും കേരളത്തിന് പുറത്ത് പഠിക്കുന്നു എന്നാണ് ചില ഔദ്യോഗിക കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. സാധാരണ ബിഎ, ബിഎസ്‌സി, ബികോം കോഴ്‌സുകള്‍ക്കു പോലും കേരളത്തിന് പുറത്തേക്ക് വിദ്യാര്‍ഥികള്‍ എത്രത്തോളം പലായനം ചെയ്യുന്നു എന്ന് കേന്ദ്ര സര്‍വകലാശാലകളിലേക്ക് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷ സമയങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. പഠനത്തോടൊപ്പം ജോലി എന്നതില്‍ കൂടുതല്‍ പഠനത്തിനോടൊപ്പം നല്ല ജോലി നേടാനുള്ള തയ്യാറെടുപ്പ് ലഭിക്കുക, രാഷ്‌ട്രീയത്തിന് പുറത്തും തങ്ങളുടെ മികവുകള്‍ കാണിക്കാന്‍ കിട്ടുന്ന സൗകര്യങ്ങളുമാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷകള്‍, മറ്റു സര്‍ക്കാര്‍ സര്‍വീസുകള്‍, സ്വകാര്യ മേഖലകളിലെ നല്ല കമ്പനികള്‍ എന്നിവയിലെ ജോലിക്കാരായി സ്ഥിരവേതനം ലഭിക്കുക എന്നുള്ളത് സാമാന്യ മലയാളിയുടെ ആഗ്രഹമാണ്. ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനവും ഗുണ്ടായിസവും നടത്തിയാല്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ തൊഴില്‍ നേടാന്‍ സാധിക്കും. പഠനത്തിനൊപ്പം തൊഴില്‍ പരിശീലനവും സംരംഭകത്വ പരിശീലനവും കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചുള്ള തൊഴില്‍ മേഖലകളെ കുറിച്ചുള്ള ബോധവല്‍ക്കരണവും പരിശീലനവും പഠനത്തിന്റെ ഗുണനിലവാരവും പഠനത്തോടൊപ്പം ആര്‍ജിക്കേണ്ട നൈപുണികളും ഉള്‍പ്പെടുത്തുന്ന വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ ഊനല്‍ നല്‍കേണ്ടത്. അത്തരം ചിന്തകളൊന്നും ബാലഗോപാലന്റെ ബജറ്റ് പ്രസംഗത്തിലൊ, ഗവര്‍ണ്ണറെ കൊണ്ട് വായിപ്പിച്ച നയപ്രഖ്യാപനത്തിലൊ സര്‍ക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലൊ ഇല്ല.
സ്വകാര്യ സര്‍വകലാശാല ഓരോ സംസ്ഥാനത്തിന്റെയും പുരോഗതിക്ക് അനിവാര്യമായ ഒരു സംവിധാനം അല്ല. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാലകളെ രാഷ്‌ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍ എതിര്‍ക്കുന്ന സമീപനവും ഒട്ടും ആശാസ്യമല്ല. കേരളം ഒഴിച്ചുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സര്‍വകലാശാലകളും ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍വ്വകലാശാലകളാണ് എന്ന വിലയിരുത്തല്‍ ആര്‍ക്കും തന്നെയില്ല. എന്നാല്‍ സര്‍ക്കാര്‍ സര്‍വകലാശാലകളെക്കാള്‍ നല്ല രീതിയില്‍ പഠന ഗവേഷണ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന സ്വകാര്യസര്‍വ്വകലാശാലകള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ് വാസ്തവം. സാമൂഹിക സേവനത്തിന്റെ മനോഭാവത്തില്‍ മറ്റു സംരംഭങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം വിദ്യാഭ്യാസ മേഖലയിലേക്ക് വിനിയോഗിക്കുന്ന ട്രസ്റ്റുകളുടെ സ്ഥാപനങ്ങളും, തങ്ങളുടെ വ്യവസായ സാമ്രാജ്യത്തിനു അനുഗുണമാകുന്ന രീതിയില്‍ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി വിദ്യാര്‍ഥികളെ റിപ്പോര്‍ട്ട് ചെയ്തു പഠിപ്പിക്കുക എന്ന കാഴ്ചപ്പാടോടുകൂടിയുള്ള സര്‍വകലാശാലകളും, ഭാരതത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെയും സംവിധാനത്തെയും പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച സര്‍വ്വകലാശാലകളും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ മിക്ക സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ അഥവ സര്‍ക്കാര്‍ ഏജന്‍സികളുടെ സാമ്പത്തിക സഹായം കൂടി ലഭിക്കുന്നുണ്ട്. കാരണം ഇത്തരത്തിലുള്ള പല സര്‍വ്വകലാശാലകളും സാമൂഹ്യനീതിയെയും സര്‍ക്കാര്‍ നയത്തെയും പൂര്‍ണമായും പിന്തുണച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാല എന്തിന് എന്ന് ആദ്യം നിര്‍വ്വചിക്കാന്‍ കഴിയണം. അതിന് ശേഷം ആരുതുടങ്ങും, എവിടെ, അതിന്റെ സാധ്യതകള്‍ എല്ലാം ചര്‍ച്ചക്ക് വക്കട്ടെ! അല്ലെങ്കില്‍ പുഷ്പനോടുമാത്രമല്ല, പലരോടും സമാധാനം പറയേണ്ടി വരും.
(അവസാനിച്ചു)
(ശിക്ഷാ ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: