ന്യൂദല്‍ഹി: അന്നദാതാക്കളുടെ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. കര്‍ഷകരുമായി എപ്പോഴും ചര്‍ച്ചയ്ക്ക് തയാറാണ്. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനുരാഗ് സിങ് പറഞ്ഞു. നേരത്തെയും ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറായിരുന്നു, ഇന്നും തയാറാണ്, ഭാവിയിലും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറായിരിക്കുമെന്നും ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കാര്‍ഷിക, അനുബന്ധ മേഖലകളില്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനും മോദി സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. കുറഞ്ഞ താങ്ങുവില സര്‍ക്കാര്‍ ഇരട്ടിയാക്കി. സംഭരണം ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു, അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഭാരതം കരിമ്പിന് നല്‍കുന്നത്. 2024-25 കാലയളവില്‍ കരിമ്പിന്റെ ന്യായവും ലാഭകരവുമായ വില എട്ട് ശതമാനം വര്‍ധിപ്പിച്ച് ക്വിന്റലിന് 340 രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എ 2 പ്ലസ് ഫോര്‍മുലയേക്കാള്‍ 107% കൂടുതലാണ് കരിമ്പിന് നിശ്ചയിച്ചിരിക്കുന്ന വില. രാസവസ്തുക്കള്‍, വളം, വിത്ത്, കൂലിപ്പണി എന്നിവയ്ക്കായുള്ള കര്‍ഷകരുടെ എല്ലാ ചെലവുകളും എ 2 വില്‍ ഉള്‍പ്പെടുന്നു, അതേസമയം എ 2 പ്ലസ് എഫ്എല്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ ചെലവായ തുകയ്ക്ക് പുറമെ കുടുംബാധ്വാനത്തിന്റെ രൂപത്തിലുള്ള പരോക്ഷമായ ചെലവും ഉള്‍ക്കൊള്ളുന്നു.
മുന്‍ യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ അപേക്ഷിച്ച് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്ക് നല്കിയ ഏറ്റവും ഉയര്‍ന്ന എംഎസ്പിയും മന്ത്രി താരതമ്യം ചെയ്തു. ഗോതമ്പ്, നെല്ല്, എണ്ണവിള, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ സംഭരണത്തിനായി യുപിഎ ഭരണകാലത്ത് 5.5 ലക്ഷം കോടി രൂപ ചെലവഴിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ 18.39 ലക്ഷം കോടി രൂപ ചെലവഴിച്ചു. കര്‍ഷകര്‍ക്ക് ന്യായമായ നിരക്കില്‍ വളങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപ വരെ സബ്സിഡി നല്കി, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സമരത്തിനിടെ യുവകര്ഷകന് മരിച്ചതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തേക്ക് കര്‍ഷകസംഘടനകള്‍ സമരം നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: