ന്യൂദല്‍ഹി: രാജ്യത്തെ ഒന്നേകാല്‍ ലക്ഷം ഗ്രാമങ്ങളിലെത്തുന്ന ബിജെപിയുടെ ഗ്രാമപരിക്രമണയാത്രയ്ക്ക് വന്‍ പ്രതികരണം. ദല്‍ഹിയില്‍ കര്‍ഷകസമരമെന്ന പേരില്‍ കലാപസമരത്തിന് ഒരു കൂട്ടമാളുകള്‍ തുടക്കം കുറിച്ചിരിക്കുന്ന അതേ കാലത്താണ് ഗ്രാമങ്ങളിലെ കര്‍ഷകരോട് നേരിട്ട് സംവദിക്കുന്ന ഗ്രാമപരിക്രമണം ആവേശം വിതയ്ക്കുന്നത്. ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 12 വരെ തുടരുന്ന പരിക്രമണപരിപാടി കര്‍ഷകരടക്കമുള്ള ഗ്രാമീണ ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവരോട് സംവദിക്കാനും ലക്ഷ്യം വച്ചുള്ളതാണ്.
തെരഞ്ഞെടുപ്പിന് ബിജെപി തയാറാക്കുന്ന സങ്കല്പപത്രയിലേക്ക് കര്‍ഷകരുടെയും ഗ്രാമീണജനതയുടെയും അഭിപ്രായം സമാഹരിക്കാനാണ് പരിക്രമണമെന്ന് കര്‍ഷകമോര്‍ച്ച ദേശീയ അധ്യക്ഷന്‍ രാജ്കുമാര് ചഹര്‍ പറഞ്ഞു. മോദിയുടെ ഗ്യാരന്റിയാണ് ബിജെപിയുടെ സങ്കല്പ പത്ര. അത് പ്രസംഗിക്കാനുള്ളതല്ല, നടപ്പാക്കാനുള്ളതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ സുഖ്തീര്ത്ഥ് ഗ്രാമത്തിലായിരുന്നു ആദ്യ പരിപാടി. ഇരുപതിനായിരം കര്‍ഷകരാണ് സുഖ്തീര്ത്ഥിലെ റാലിയില്‍ അണിനിരന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ഷകരെ അഭിവാദ്യം ചെയ്തു. രാജ്കുമാര് ചഹര്‍, ഭൂപേന്ദ്ര യാദവ്, ധരംപാല്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിനെ അറിയാം. സമരക്കാരെയും അറിയാം. ആരാണ് അവരുടെ ശത്രുക്കളെന്ന് നന്നായി അറിയാം. കിസാന്‍ ഫസല്‍ യോജന, കിസാന്‍ സമ്മാന്‍നിധി, വിള ഇന്‍ഷുറന്‍സ്, കിസാന്‍ റയില്‍ ഡീപ് ഇറിഗേഷന്‍, അന്‍പത് ശതമാനം സബ്സിഡിയില്‍ നാനോ യൂറിയ, സൗജന്യ വൈദ്യുതി, വിളകളുടെ താങ്ങുവില…. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ സര്‍ക്കാര്‍ എന്ന മുദ്രാവാക്യം വിളികളോടെയാണ് ഓരോ ഗ്രാമവും ഗ്രാമപരിക്രമണത്തില് ഒത്തുചേരുന്നതെന്ന് ചഹര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: