മുംബൈ: ഷീന ബോറ വധക്കേസും ഇന്ദ്രാണി മുഖര്‍ജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നിര്‍മിച്ച ഡോക്യൂ സീരിസ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തെ കാണിച്ചതിന് ശേഷം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് ബോംബെ ഹൈക്കോടതി. വെബ് സീരീസ് പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരെ കാണിക്കണം.
നിര്‍മാതാക്കളും നെറ്റ്ഫ്ലിക്സും സീരീസ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം പ്രദര്‍ശിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി ബറീഡ് ട്രൂത്ത്’ എന്ന് പേര് നല്‍കിയിട്ടുള്ള സീരിസ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുമെന്നാണ് നെറ്റ്ഫഌക്സ് ആദ്യം അറിയിച്ചിരുന്നത്. ഷീന ബോറ വധക്കേസിന്റെ യഥാര്‍ത്ഥ കഥയാണ് ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഷാന ലെവി ഉറാസ് ബാല്‍ എന്നിവര്‍ സംവിധാനം ചെയ്ത സീരിസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ മക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. സിബിഐയെ കാണിച്ചശേഷം പ്രദര്‍ശിപ്പിക്കുന്നത് പ്രീസെന്സര്ഷിപ്പിന് തുല്യമാണെന്നാണ് നെറ്റ്ഫ്ലിക്സ് കോടതിയില്‍ അറിയിച്ചു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും സീരിസ് കണ്ടശേഷം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് ഹൈക്കോടതി നെറ്റ്ഫ്ലിക്സിനോട് നിര്‍ദേശിച്ചു. കേസിന്റെ വിചാരണ നടന്നു വരികയാണ്. അതിനിടെ ഇത്തരത്തില്‍ ഒരു സീരിസ് പുറത്തുവിടുന്നതില്‍ സിബിഐ നേരത്തെ തന്നെ കോടതിയെ സമീപിക്കണമായിരുന്നെന്നും കോടതി പറഞ്ഞു. സീരിസിന് വേണ്ടി എത്ര സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ദ്രാണിയുടെ മക്കളായ മിഖായേല്‍ ബോറ, വിധി മുഖര്‍ജി എന്നിവരടക്കം അഞ്ച് പേരെ ഇന്റര്‍വ്യൂ ചെയ്തെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും. അതുവരെ പ്രദര്‍ശിപ്പിക്കില്ലെന്ന് നെറ്റ്ഫ്ലിക്സും അറിയിച്ചു. മകള്‍ ഷീനാ ബോറയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 2015ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: