തിരുവനന്തപുരം: കവിതയും സാമൂഹ്യ പ്രവര്‍ത്തനവും സുഗതകുമാരി ഒന്നായി കാണുകയും രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തതായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതുല്യ കവിതകള്‍ അവര്‍ നല്‍കി. പ്രകൃതിക്കും മനുഷ്യനും വേണ്ടി കവിതയെന്ന മാധ്യമത്തെ ഉപയോഗിച്ചു. പാരിസ്ഥിതിക ബോധവും സ്ത്രീശാക്തീകരണവും മനസ്സിലേക്ക് സന്നിവേശിപ്പിച്ചു. മനുഷ്യനുവേണ്ടി മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയും നിലകൊണ്ടു. ‘സുഗത നവതി’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ ക്കുന്ന സുഗതകുമാരിയുടെ നവ തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ജീവിതത്തിലുടനീളം മനുഷ്യനെയും പ്രകൃതിയെയും കുറിച്ചു വേദനിച്ച കവിയാണ് സുഗതകുമാരി. പ്രണയത്തിലും രാധാക്യഷ്ണ സങ്കല്‍പത്തിലും നിറഞ്ഞു നിന്ന അവരുടെ കവിത ഒരു ഘട്ട ത്തിനു ശേഷം മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കായും പ്രകൃതിയുടെ നിലനില്‍പിനു വേണ്ടിയും ശബ്ദിച്ചു.മാനുഷിക മുഖമുള്ള, രാജ്യത്തെ ഏറ്റവും വലിയ കവികളുടെ കൂട്ടത്തില്‍ സുഗതകുമാരിയുടെ പേര് ഇയര്‍ന്ന് നില്‍ക്കുന്നു. അവര്‍ നടത്തിയ എല്ലാ പ്രതികരണങ്ങളും ഭൂമിയുടെയും മനുഷ്യരുടെയും നിലനില്‍പിനു വേണ്ടിയായിരുന്നു. അശരണരായ മനുഷ്യരെ സഹാനുഭൂതിയോടെ അവര്‍ ‘അഭയ’യില്‍ പാര്‍പ്പിച്ചു. സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയെന്ന നിലയില്‍ അവര്‍ക്കു കഴിഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മുഴുവന്‍ നാടിന് വേണ്ടി ജീവിച്ച വ്യക്തിയാണ് സുഗതകുമാരിയെന്ന് അധ്യക്ഷം വഹിച്ച മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.. മനുഷ്യാവകാശ പോരാട്ടത്തിന്റെ മുഖമായ സുഗതകുമാരി നമ്മുടെ മുന്നിലെ മാതൃകയാണെന്നും കുമ്മനം പറഞ്ഞു.
സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും സുഗതകുമാരി കാവ്യാഞ്ജലി സംഘടിപ്പിക്കും.’സുഗതവനം’ എന്നപേരില്‍ വനവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സുഗതകുമാരിയുടെ കവിതകളില്‍ ഗവേഷണ പഠന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും. നവതി ആഘോഷ സമിതി അധ്യക്ഷനായ കുമ്മനം പറഞ്ഞു.
എല്ലാ ജീവജാലങ്ങളിലും തുടിക്കുന്ന ശക്തി ഒന്നാണെന്ന ഭാരതീയ ദര്‍ശനം സുഗതകുമാരിയുടെ കവിതകളില്‍ കാണാമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സുഗതകുമാരിയുടെ കവിതയും പ്രകൃതിയും ഒന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ടാഗോര്‍ കവിതകളുടെ ഔന്നിത്യം സുഗതകുമാരി കവിതകളില്‍ ദര്‍ശിക്കാനാകുമെന്ന് ഡോ എം വി പിള്ള പറഞ്ഞു.
മലയാള കവിതയുടെ ആത്മശോഭയായ സുഗതകുമാരി പരിസരമാകെ ശാന്തിയും സമാധാനവും വിരിയിച്ച കരുണയുടെ തണല്‍മരമാണെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. സുഗതകുമാരിയുടെ ഓര്‍മ്മകള്‍ എക്കാലവും പ്രചോദനമായിരിക്കുമെന്ന് മുന്‍ സ്വീക്കര്‍ എം.വിജയകുമാര്‍ പറഞ്ഞു. സുഗതകുമാരി ജീവിച്ചിരിക്കുമ്പോള്‍ നവതിയാഘോഷിക്കണമെന്നതായിരുന്നു ആഗ്രഹം. അത് സാധ്യമാകാത്തിന്റെ നഷ്ടബോധത്തിലാണ് നില്‍ക്കുന്നത് അദ്ദേഹം പറഞ്ഞു.
നാളെ നമുക്ക് ഭൂമിയില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ നാം ഭൂമിയെ സ്‌നേഹിക്കണം എന്നാണ് സുഗതകുമാരി പറഞ്ഞതെന്ന് ഗാന്ധിയന്‍ ഡോ.എം.രാധാകൃഷ്ണര്‍ പറഞ്ഞു. പി എന്‍ ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. എം ആര്‍ തമ്പാന്‍ എഡിറ്റ് ചെയ്ത ‘സുഗതസ്മൃതി’ ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു.
ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സുഗതകുമാരി കവിതകളുടെ സംഗീതാ വിഷ്‌ക്കാരത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടങ്ങിയത്. സുഗതകുമാരിയുടെ ‘കൃഷ്ണാ നി എന്നെ അറിയില്ല’ എന്ന കവിതയുടെ നൃത്താവിഷ്‌കാരം ചലച്ചിത്രതാരവും നര്‍ത്തകിയുമായ ആശാ ശരത് നടത്തി. ഡോ. സുഭാഷ് ചന്ദ്രബോസും പരിപാടിയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക