റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ സിഇഒ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ മൂന്ന് വരെ ഗുജറാത്തിലെ ജാംഗനറില്‍ നടക്കും.
ആഘോഷങ്ങളില്‍ 1200ലധികം അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര രംഗത്തെ വമ്പന്‍ ബിസിനസുകാരുടേയും വ്യവസായികളുടെയും ഒത്തുചേരലായിരിക്കും വിവാഹവേദി. കൂടാതെ ആഘോഷപരിപാടികളില്‍ സെലിബ്രിറ്റികളും സാമൂഹിക രാഷ്‌ട്രീയ നേതാക്കളുടെയും പങ്കാളിത്തം കൊണ്ടും സമ്പന്നമാകും.
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്ക്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഡിസ്‌നി സിഇഒ ബോബ് ഐഗര്‍, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബേര്‍, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രയാന്‍ തോമസ് മൊയ്‌നിഹാന്‍, ബ്ലാക്ക്‌സ്‌റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ഇവാങ്ക ട്രംപ്, ഖത്തര്‍ പ്രീമിയര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ടെക് നിക്ഷേപകന്‍ യൂറി മില്‍നര്‍, അഡോബ് സിഇഒ ശന്തനു നാരായണ്‍, ലൂപ സിസ്റ്റംസ് സിഇഒ ജെയിംസ് മര്‍ഡോക്ക്, ഹില്‍ഹൗസ് ക്യാപിറ്റല്‍ സ്ഥാപകന്‍ ഷാങ് ലെയ്, ബിപി ചീഫ് എക്‌സിക്യൂട്ടീവ് മുറെ ഓച്ചിന്‍ക്ലോസ്, എക്‌സോര്‍ സിഇഒ ജോണ്‍ എല്‍കാന്‍, മുന്‍ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേമ്പേഴ്‌സ്, ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ബ്രൂസ് ഫ്‌ലാറ്റ്, മെക്‌സിക്കന്‍ ബിസിനസ് മാഗ്‌നറ്റ് കാര്‍ലോസ് സ്ലിം, ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകന്‍ റേ ഡാലിയോ, ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ് വൈസ് ചെയര്‍മാന്‍ അജിത് ജെയിന്‍ എന്നിവരും ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ചടങ്ങിന്റെ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
2024 മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നു വരെ ജാംനഗറിലെ റിലയന്‍സ് ഗ്രീന്‍സില്‍ നടക്കുന്ന രാധികയുടെയും അനന്തിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന ആമുഖത്തോടെയാണ് ക്ഷണക്കത്ത് തുടങ്ങുന്നത്. 1997ലാണ് റിലയന്‍സ് ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ്‌റൂട്ട് റിഫൈനിങ് കോംപ്ലക്‌സ് സ്ഥാപിച്ചതെന്ന് കത്തില്‍ പറയുന്നു.
ഏകദേശം 10 മില്ല്യണിലധികം മരങ്ങളാണ് ഇവിടെ ഇതുവരെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ വളരെ വലിയ ഭൂപ്രദേശമായി ഇത് ഇപ്പോള്‍ മാറിയിരിക്കുന്നു. ധാരാളം പൂക്കളും പഴങ്ങളും ഉള്ള ഇവിടം ഏഷ്യയിലെ ഏറ്റവും വലിയ മാന്തോപ്പായി മാറിയിട്ടുണ്ട്. പരിചരണം ആവശ്യമുള്ള ആയിരക്കണക്കിന് മൃഗങ്ങളുടെ സംരക്ഷണത്തിനായി ആനന്ദ് ഈ സമുച്ചയത്തെ പരിപാലിച്ചതായും കത്തില്‍ പറയുന്നു. തങ്ങളുടെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഇടമാണിതെന്നും കത്തില്‍ മുകേഷ് അംബാനിയും നിത അംബാനിയും വ്യക്തമാക്കുന്നു.
2023 ജനുവരി 19ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹ ആഘോഷങ്ങള്‍ക്ക് സമാനമായിരുന്നു വിവാഹനിശ്ചയ ചടങ്ങ്. മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി വധുവും കുടുംബവും വരന്റെ വീട്ടിലെത്തി. തുടര്‍ന്ന് അനന്തും രാധികയും പരസ്പരം വിവാഹമോതിരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അനന്ത് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസില്‍ വിവിധ വകുപ്പുകളില്‍ ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ രാധിക എന്‍കോര്‍ ഹെല്‍ത്ത് കെയറിന്റെ ബോര്‍ഡ് ഡയറക്ടറാണ്. കൂടാതെ മികച്ച നര്‍ത്തകി കൂടിയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: