ബെംഗളൂരു: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളുരുവിൽ നിന്നും കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇരുവശങ്ങളിലേക്കും നാല് ട്രിപ്പുകളാണ് നടത്തുക വിശ്വേശ്വരയ്യ ടെർമിനലിൽ നിന്നും ഫെബ്രുവരി 22, 24 തീയതികളിലാണ് കേരളത്തിലേക്കുള്ള സർവീസ്. രാത്രി 11.55 പുറപ്പെടുന്ന ട്രെയിൻ (06501) പിറ്റേ ദിവസം രാത്രി 07.10ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിയിൽ നിന്ന് 23, 25 തീയതികളിലാണ് ( 06502) ബെംഗളുരുവിലേക്കുള്ള സർവീസ്. രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസംവൈകിട്ട് 4.30 ന് ബെംഗളൂരു വിശേശ്വരയ്യ ടെർമിനലിൽ എത്തിച്ചേരും. സ്പെഷ്യൽ ഫെയർ നിരക്കായിരിക്കും ഈടാക്കുക.
വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. എസി ടു-ടയർ കോച്ചുകൾ (1), എസി ത്രീ-ടയർ കോച്ചുകൾ (13), ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ (2), എസ്എൽആർ (2) എന്നിങ്ങനെ മൊത്തം 18 കോച്ചുകളാണ് ഉള്ളത് .
ഭക്തരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിനായി ബാംഗ്ലൂർ കേരള സമാജം, കർണാടക നായർ സർവീസ് സൊസൈറ്റി എന്നി സംഘടനകൾ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: