മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം ഒരു ചുവടുകൂടി മുന്നോട്ട്. ദൗത്യത്തിനായി ഉപയോഗിക്കുന്ന എൽവിഎം3 റോക്കറ്റിന് എല്ലാവിധ യോഗ്യതയും അംഗീകാരവും ലഭിച്ചുവെന്നറിയിച്ച് ഇസ്രോ. ബഹിരാകാശ സഞ്ചരികളെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദൗത്യത്തിന് വേണ്ടി 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
രാജ്യത്തെ ആദ്യ മനുഷ്യ ബഹിരാകാശ സഞ്ചാര ദൗത്യമാണ് ഗഗൻയാൻ. ഈ വർഷം പകുതിയോടെ ഗഗൻയാൻ ദൗത്യം ആദ്യ ആളില്ലാ വിക്ഷേപണം നടത്തുമെന്നാണ് വിവരം. സോളിഡ്, ലിക്വിഡ്, ക്രയോജനിക് സ്റ്റേജുകളുള്ള റോക്കറ്റ് ആണ് എൽവിഎം3. സിഇ20 ക്രയോജനിക് എഞ്ചിനിൽ നടത്തിയ വാക്വം ടെസ്റ്റുകളിൽ ഏഴാമത്തേത് മഹേന്ദ്രഗിരിയിലെ ബഹിരാകാശ ഏജൻസിയുടെ ഹൈ ആൾടിറ്റിയൂഡ് ടെസ്റ്റ് ഫെസിലിറ്റിയിൽ വച്ചാണ് നടത്തിയത്.
ഇതിന് മുമ്പ് 39 ഹോട്ട് ഫയറിംഗ് പരീക്ഷണങ്ങളും സിഇ20 എഞ്ചിനിൽ നടത്തി. ഇതോടെ ആദ്യ ഗഗൻയാൻ വിക്ഷേപണത്തിന് ഉപയോഗിക്കാനാകുന്ന എല്ലാ അനുമതികളും സിഇ20 എഞ്ചിന് ലഭിച്ചുവെന്ന് ഇസ്രോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: