പുഷ്പനെ മറന്ന്, പുഷ്പഗിരി മറന്ന് പുതിയ നയപ്രഖ്യാപനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വകാര്യ-വിദേശ സര്‍വകലാശാലകളെ കുറിച്ചുള്ള ചര്‍ച്ച കേരളത്തില്‍ വേണ്ടത്ര ആഴത്തിലേക്ക് പോകുന്നില്ല. സിപിഎമ്മിന്റെ നയംമാറ്റമോ നയ വൈകല്യമോ അല്ല ഇവിടത്തെ പ്രശ്‌നം. വിദേശ സര്‍വകലാശാല അനുവദിക്കുന്നതിനും സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കുന്നതിനുമായി നയം പ്രഖ്യാപിക്കുന്ന ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ ഈ ചുവട് മാറ്റത്തിന് ആധാരമായ വസ്തുതകളാണ് ഏറെ ശ്രദ്ധേയം. പ്രത്യക്ഷത്തില്‍ തമാശ എന്ന് തോന്നിപ്പോകുമെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന ഗുരുതരമായ സ്ഥിതിയെ പുകമറയിട്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ വാസ്തവത്തില്‍ ശ്രമിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ വരികള്‍ക്കിടയില്‍ ആ ഗുരുതര ചിത്രമാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. വസ്തുതകള്‍ വിശകലനം ചെയ്താല്‍ അത് മനസ്സിലാകും.
പരാജയപ്പെട്ട സ്വാശ്രയമേഖല
”ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്ക് എത്തുന്നുണ്ട്. ഇനിയും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ സംസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കാന്‍ നടപടി സ്വീകരിക്കും” എന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ”പഞ്ചനക്ഷത്ര ഹോട്ടല്‍” തള്ളലിന്റെ മറ്റൊരു വേര്‍ഷന്‍! കേരളത്തിലെ ഏത് സര്‍വ്വകലാശാലകളിലേക്കാണ് വിദേശ വിദ്യാര്‍ത്ഥികള്‍ അഭൂതപൂര്‍വ്വമായി വന്നുകൊണ്ടിരിക്കുന്നത് എന്ന് ധനകാര്യ മന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും കേരളത്തെ ബോധ്യപ്പെടുത്താന്‍ തയ്യാറാകണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ നിരവധി കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാഭ്യാസ മേഖല സ്വകാര്യ മൂലധനത്തിന് തുറന്നു കൊടുത്തതിന്റെ പരിണിത ഫലമായി ആരംഭിച്ച സ്വകാര്യ-സ്വാശ്രയ കോളജുകളുടെ എണ്ണം ഇന്ന് കേരളത്തില്‍ 1500 ല്‍ കൂടുതലാണ്. ഇവയില്‍ മെഡിക്കല്‍, നഴ്‌സിംഗ് കോഴ്‌സുകള്‍ ഒഴിച്ച് മറ്റു മിക്ക കോഴ്‌സുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പല എഞ്ചിനീയറിങ് കോളജുകളും സീറ്റുകള്‍ തിരികെ നല്‍കുകയും ചിലവ പൂട്ടി പോവുകയും ചെയ്ത കാര്യവും മന്ത്രി ഇവിടെ ബോധപൂര്‍വ്വം മറച്ചു വെച്ചു കൊണ്ടാണ് ഈ ഗീര്‍വാണമടിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലേക്ക് വരുന്നത് കേന്ദ്ര പൂളില്‍ നിന്നാണ്. അല്ലാതെ കേരളത്തിന്റെ പഠന മികവോ മറ്റേതെങ്കിലും ഉദ്യമഫലമോ കൊണ്ടല്ല. ഇതേ ബജറ്റ് പ്രസംഗത്തില്‍ തന്നെ ഏതാനും ഖണ്ഡിക മുകളില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം കുറവാണ് എന്നു സമ്മതിക്കുന്ന പ്രയോഗവും നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച
വിദേശ സര്‍വകലാശാലകളെയും സ്വകാര്യ മൂലധനത്തെയും ഇനിയും വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനെക്കുറിച്ച് ആവശ്യമായ സാഹചര്യങ്ങളെ മന്ത്രി വിലയിരുത്തുന്നത് ഇങ്ങനെയാണ്. ‘രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റ ഹബ്ബായി കേരളത്തെ മാറ്റുക എന്നത് ഒരു പ്രഖ്യാപിത ലക്ഷ്യമായിരിക്കും. (പ്രഖ്യാപിത ലക്ഷ്യമാണ് എന്നു പറയാന്‍ മന്ത്രിക്ക് ഇപ്പോഴും ആത്മവിശ്വാസം ഇല്ല.) നമ്മുടെ രാജ്യത്തുനിന്നും പഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. അതില്‍ 4% കേരളത്തില്‍ നിന്നുമാണ്’ എന്നാണ് മന്ത്രിയുടെ പ്രസ്താവന. വിദേശത്തേക്ക് വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരാനാണ് വിദേശ സര്‍വകലാശാലകള്‍ എന്നാണ് മന്ത്രി ഉദ്ദേശിക്കുന്നത്. തൊഴിലിനോടൊപ്പം ഡിഗ്രി പഠനവും നേടാന്‍ പോകുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നാണ് പോകുന്നത്. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നത് ഗവേഷണത്തിനും അതുപോലുള്ള ഉന്നത പഠനത്തിനുമാണ്. ഉക്രൈന്‍-റഷ്യ സംഘര്‍ഷങ്ങളും കൊറോണയും ഉണ്ടായ സമയത്താണ് ഈ രാജ്യങ്ങളിലെ വിവിധ സര്‍വ്വകലാശാലകളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനു മറ്റും പോയ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മലയാളികളായിരുന്നു എന്ന കാര്യം പുറത്തറിഞ്ഞത്. പക്ഷേ വിദേശ സര്‍വ്വകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് മന്ത്രി മുന്നോട്ടുവെക്കുന്ന പ്രധാന പശ്ചാത്തലം ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ നമുക്ക് വേണം എന്നുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കുറവുകൊണ്ടാണ് വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് എന്നുള്ള തുറന്ന സമ്മതമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. അത് പരിഹരിക്കാന്‍ വിദേശ സര്‍വ്വകലാശാലകളെ കൊണ്ടുവരികയല്ല, നമ്മുടെ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് വേണ്ടത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ മാനം ഉയര്‍ത്താന്‍ തീര്‍ച്ചയായും വിദേശ സര്‍വ്വകലാശാലകളുമായി ധാരണയും സഹകരണവും ആവാം.
കേരളം മാറിമാറി ഭരിച്ച ഇടതു വലതു സര്‍ക്കാറുകള്‍ക്ക് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. എങ്കിലും ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം അല്പം കൂടുതലാണ്. കാരണം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്നത് ഇടതുപക്ഷ ബഹുജന സംഘടനകളും അവരുടെ രാഷ്‌ട്രീയ അജണ്ടകളും തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര തകര്‍ച്ചയുടെയും വിദ്യാഭ്യാസ പഠനാന്തരീക്ഷത്തിന്റെ മൂല്യച്യുതിയും കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മാത്രം സംഭാവനകളാണ്.
വിദേശ സര്‍വ്വകലാശാലകള്‍ക്ക് അവസരം നല്‍കി കേന്ദ്രം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ ലോകോത്തര വിദേശ സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ അവരുടെ ക്യാമ്പസുകള്‍ തുടങ്ങുന്നതിന് അവസരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. അതിനുള്ള നിയമനിര്‍മ്മാണവും മാര്‍ഗ്ഗരേഖകളും ഇറക്കി കഴിഞ്ഞു. യോഗ്യരായ വിദേശ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷയും ക്ഷണിച്ചു. ഇത് ഭാരതത്തിലെ ഉന്നത നിലവാരമുള്ള സര്‍വകലാശാലകളുമായി സഹകരിച്ചും കേന്ദ്ര ഏജന്‍സികളുടെ അറിവോടുകൂടിയും ആയിരിക്കും എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭാരതത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് അത്തരം ഗുണനിലവാരമുള്ള വിദേശസര്‍വ്വകലാശാലകളുമായി സഹകരണത്തില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും അനുവാദം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ശ്രേണിയില്‍ വരുന്ന ഒരു വിദേശ സര്‍വകലാശാലയ്‌ക്ക് കേരളത്തില്‍ ക്യാമ്പസ് തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുവാദമോ ആശിര്‍വാദമോ ആവശ്യമുണ്ടാകും എന്ന് തോന്നുന്നില്ല. പിന്നെ അതിനെ കേരള രാജ്യത്തിലെ ഒരു മമ്മുഞ്ഞി മട്ടിലുള്ള പ്രസ്താവനയായി മാത്രമേ കാണേണ്ടതുള്ളു.
വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക്
കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കുന്നത് സംബന്ധിച്ച് വിവിധ പഠനങ്ങളും സര്‍വ്വേകളും പുറത്തുവന്നിട്ടുണ്ട്. പഠനങ്ങള്‍ പറയുന്നത്, വലിയൊരു വിഭാഗം കുട്ടികള്‍ കേരളത്തിലെ സാമൂഹ്യ ചുറ്റുപാടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ്. അല്ലെങ്കില്‍ പണം മുടക്കുന്ന രക്ഷിതാക്കള്‍ കുറച്ചു കൂടെ സുരക്ഷിത സ്ഥലങ്ങളില്‍ പഠനത്തിന് വിടാന്‍ ആഗ്രഹിക്കുന്നു. പഠനത്തോടൊപ്പം പണം ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദേശങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. പാര്‍ടൈം ജോലി എന്ന രീതിയില്‍ ആറു ശതമാനവും, നല്ല ശമ്പളം എന്ന രീതിയില്‍ അഞ്ചു ശതമാനവും, കുറഞ്ഞ ഫീസ് എന്ന ചിന്തയില്‍ നാല് ശതമാനവും വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുമ്പോള്‍, 25% വിദ്യാര്‍ത്ഥികള്‍ പോകുന്നത് കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ പഠനത്തിന് അനുയോജ്യമല്ല എന്നുള്ള കാഴ്ചപ്പാട് പുലര്‍ത്തി കൊണ്ടാണ്. മറ്റൊരു 60% വിദ്യാര്‍ഥികള്‍ പോകുന്നത് ഉയര്‍ന്ന ജീവിത നിലവാരം പ്രതീക്ഷിച്ചിട്ടുമാണ്. അതായത് സ്ഥാപനങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നം. പഠനാന്തരീക്ഷം ഇല്ലാത്തതാണ്. ഗുണനിലവാരമില്ലാത്തതാണ്. നൈപുണി നല്‍കാന്‍ കഴിയാത്തതാണ്.
(നാളെ: പഠനമില്ലാത്ത പ്രഖ്യാപനം രാഷ്‌ട്രീയ തട്ടിപ്പ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: