ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്യാന് ദൗത്യത്തിലെ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടതായി ഐഎസ്ആര്‍ഒ. ഗഗന്‍യാന്റെ വിക്ഷേപണവാഹനമായ എല്‍വിഎം3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3) റോക്കറ്റിന് വേണ്ടിയുള്ള സിഇ20 ക്രയോജനിക് എഞ്ചിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഈ അവസാനഘട്ട പരീക്ഷണത്തിലൂടെ ദൗത്യത്തില്‍ സിഇ20 ക്രയോജനിക് എഞ്ചിന് ഉപയോഗിക്കാനുള്ള യോഗ്യതയും അംഗീകാരവും ലഭിച്ചു.
ഫെബ്രുവരി 13നായിരുന്നു അവസാനഘട്ട പരീക്ഷണം. തമിഴ്നാട്ടില്‍ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒയുടെ പ്രൊപല്‍ഷന്‍ കോപ്ലക്സിലുള്ള ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് കേന്ദ്രത്തില്‍ വച്ചാണ് ഏഴ് വാക്വം ഇഗ്നിഷന്‍ ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ പരീക്ഷണം നടന്നത്. റോക്കറ്റ് കുതിക്കുമ്പോഴുണ്ടാകുന്ന വ്യത്യസ്ത പ്രവര്ത്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന് തുടര്‍ച്ചായി 6,350 സെക്കന്‍ഡാണ് സിഇ20 എഞ്ചിന് പ്രവര്‍ത്തിക്കേണ്ടത്. നാല് എഞ്ചിനുകള്‍ വ്യത്യസ്ത പ്രവര്‍ത്തന സാഹചര്യത്തില്‍ 39 ഹോട്ട് ഫയറിങ് ടെസ്റ്റുകളിലായി 8,810 സെക്കന്‍ഡ് വിജയരമായി പ്രവര്‍ത്തിച്ചു, ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ആളില്ലാ പേടകം ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ഗഗന്യാന് ദൗത്യത്തിനുള്ള (ജി1) ഒരുക്കത്തിലാണ് ഐഎസ്ആര്‍ഒ. ഇതിനു മുന്‍പാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള (ഹ്യൂമന്‍ റേറ്റിങ് എച്ച്എല്‍വിഎം3) റോക്കറ്റിന്റെ ഹ്യൂമന്‍ റേറ്റിങ് പരീക്ഷണം വിജയം കണ്ടത്. ഈ വര്‍ഷം പകുതിയോടെ ആദ്യ ഗഗന്യാന് ദൗത്യം വിക്ഷേപി
ക്കാനാണ് ഐസ്ആര്‍ഒ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം മനുഷ്യരെ വഹിച്ചുള്ള ദൗത്യവുമുണ്ടാകും.
വിക്ഷേപിച്ച് നിശ്ചിത ദിവസം ബഹിരാകാശത്ത് തുടരാന്‍ അനുവദിക്കുന്ന പേടകത്തെ പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതമായി കടലില്‍ വീഴ്ത്തി വീണ്ടെടുക്കുകയാണ് ലക്ഷ്യം. ആദ്യ ദൗത്യത്തിനുമുന്നോടിയായി ഗഗന്‍യാന്റെ പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാനുള്ള ടിവി ഡി-2 പരീക്ഷണം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: