ദുബായ്: ഭാരത ക്രിക്കറ്റ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ 20 ടെസ്റ്റ് റാങ്കിനുള്ളിലെത്തി. രണ്ട് ടെസ്റ്റുകളില്‍ തുടരെ ഇരട്ടസെഞ്ചുറി പ്രകടനം കാഴ്‌ച്ചവച്ചതിലൂടെ ഐസിസി റാങ്ക് പട്ടികയില്‍ താരം ഒറ്റയടിക്ക് 14 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നിലവില്‍ 15-ാം റാങ്കിലാണ് താരം.
22കാരനായ ഇടംകൈയന്‍ ബാറ്റര്‍ രാജ്‌കോട്ടിലെ രണ്ടാം ഇന്നിങ്‌സ് സെഞ്ചുറിയിലൂടെ അപൂര്‍വ്വ നേട്ടമാണ് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഏഴ് പേരേ തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളൂ. അതില്‍ ഒരാളായിരിക്കുകയാണ് ജയ്‌സ്വാള്‍. ഇതിന് മുമ്പ് അടുപ്പിച്ചുള്ള ടെസ്റ്റുകളില്‍ ഈ നേട്ടം കൈവരിച്ച രണ്ട് ഭാരത താരങ്ങളില്‍ ഒന്ന് മുന്‍ താരം വിനോദ് കാംബ്ലിയും ഇപ്പോഴത്തെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ആണ്.
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിസാഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ജയ്‌സ്വാള്‍ 209 റണ്‍സെടുത്തിരുന്നു. രാജ്‌കോട്ട് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 214 റണ്‍സെടുത്ത ഈ ഭാരത ഓപ്പണര്‍ പുറത്താകാതെ നിന്നു. മത്സരത്തില്‍ 434 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഭാരതം നേടിയത്.
മത്സരത്തില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാജ്‌കോട്ടിലെ ആദ്യ ഇന്നിങ്‌സില്‍ ജഡേജ നേടിയ സെഞ്ചുറി പ്രകടനം(112) താരത്തെ 41-ാം സ്ഥാനത്ത് നിന്നും 34ലേക്കെത്തിച്ചു. ഇതേ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റ് നേടിയതിനാല്‍ ജഡേജയ്‌ക്ക് ബൗളിങ് റാങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ബൗളര്‍മാരില്‍ ആറാം സ്ഥാനത്താണ് താരം. ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയ്‌ക്ക് തൊട്ടുപിന്നില്‍ രണ്ടാമനായി ആര്‍. അശ്വിന്‍ ഉണ്ട്. കഴിഞ്ഞ ടെസ്റ്റിലൂടെ കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് തികയ്‌ക്കാന്‍ അശ്വിന് സാധിച്ചിരുന്നു.
ഓള്‍റൗണ്ടര്‍മാരുടെ ഐസിസി റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം ജഡേജയും അശ്വിനും ആണുള്ളത്.
ബാറ്റര്‍മാരില്‍ മുന്നിലുള്ള ഭാരത താരം വിരാട് കോഹ്‌ലിയാണ്. ഏഴാം റാങ്കിലാണ് താരം. രാജ്‌കോട്ടില്‍ സെഞ്ചുറി നേടിയ ഭാരത നായകന്‍ രോഹിത് ശര്‍മ്മ 12-ാം സ്ഥാനം നിലനിര്‍ത്തി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 35ലേക്കുയര്‍ന്നു.
ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത് ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ ആണ്. ഓസീസ് ഓപ്പണര്‍ സ്റ്റീവ് സ്മിത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലും ആണ് പിന്നാലെയുള്ള മറ്റ് താരങ്ങള്‍. രാജ്‌കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി മിന്നല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് ബാറ്റിങ്ങില്‍ 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക